തൃശൂർ: ശമ്പള വർധനവ് ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നടത്തിയ സമരം വിജയിച്ചു. എലൈറ്റ് ആശുപത്രിയും ശമ്പളം വർധിപ്പിച്ചതോടെയാണ് രണ്ട് ദിവസത്തെ സമരം വിജയിച്ചത്. യുഎൻഎയുടെ നേതൃത്വത്തിൽ തൃശൂരിൽ ആഹ്ലാദ പ്രകടനം നടത്തി.
ആകെയുളള 30 ആശുപത്രികളിൽ 29 മാനേജ്മെന്റുകളും ഇന്നലെ തന്നെ വേതനം വർധിപ്പിച്ചിരുന്നു. എലൈറ്റ് ആശുപത്രി മാത്രമായിരുന്നു വേതനം വർധിപ്പിക്കാതിരുന്നത്. 1500 രൂപയായി പ്രതിദിന വേതനം വർധിപ്പിക്കുക, 50% ഇടക്കാലാശ്വാസം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് യുഎൻഎ 72 മണിക്കൂർ സമരം പ്രഖ്യാപിച്ചത്.
ചൊവ്വാഴ്ച 24 ആശുപത്രികളിലായിരുന്നു നഴ്സുമാരുടെ സമരം. ഐസിയു ഉൾപ്പെടെ ബഹിഷ്കരിച്ചാണ് സമരം നടത്തിയത്. നാല് ആശുപത്രികൾ സമരത്തിൽ നിന്നും വിട്ടു നിന്നിരുന്നു. 50 ശതമാനം ശമ്പള വർധനവ് മാനേജ്മെന്റുകൾ ഉറപ്പ് നൽകിയതോടെ നഴ്സുമാർ സമരത്തിൽ നിന്ന് പിൻവാങ്ങുകയായിരുന്നു. പ്രതിദിന വേതനം നിശ്ചയിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നാണ് സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളുടെ പ്രതികരിച്ചിരുന്നു.