സാമ്പത്തികമായി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന പ്രവാസി സമൂഹത്തിനായി സൗജന്യ നിയമസഹായം നൽകി വരുന്ന പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്റർ ഒന്നാം വാർഷിക ആഘോഷം ഏപ്രിൽ 30ന് ബഹ്‌റൈൻ കാൾട്ടൻ ഹോട്ടലിൽ സംഘടിപ്പിക്കുന്നു.പി എൽ സി വാർഷിക ആഘോഷത്തിന്റെ ഭാഗമായി നിയമ സഹായത്തിനായി ബന്ധപ്പെടേണ്ട ഹോട്ട്ലൈൻ നമ്പർ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനോടൊപ്പം,പി എൽ സി ന്യൂസ് ലെറ്റർ പ്രകാശനവും നടക്കും.
വാർഷിക ആഘോഷത്തിനോട് അനുബന്ധിച്ച് നാട്ടിലും ബഹ്‌റൈനിലും നിയമ രംഗത്തെ പ്രഗത്ഭരായ അഡ്വക്കേറ്റ്മാരെ അണിനിരത്തി കൊണ്ടുള്ള ലീഗൽ ടോക്ക് ഷോയും ഉണ്ടാകുമെന്ന് പ്രവാസി ലീഗൽ സെൽ ഗവേർണിംഗ് കൗൺസിലിന് വേണ്ടി പ്രവാസി ലീഗൽ സെൽ ആഗോള വക്താവും ബഹ്‌റൈൻ കൺട്രി ഹെഡുമായ സുധീർ തിരുനിലത്ത്,കൺട്രി കോഓർഡിനേറ്റർ അമൽദേവ് എന്നിവർ അറിയിച്ചു.പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുന്നതിനായി കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി പ്രവർത്തിക്കുന്ന സംഘടനയാണ് പ്രവാസി ലീഗൽ സെൽ ,ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രവാസികൾക്ക് വേണ്ട ബോധവൽക്കരണവും, അവശ്യമായ സാഹചര്യങ്ങളിൽ നിയമ സഹായങ്ങളും നൽകിവരുന്നതായി പി എൽ സി ഗ്ലോബൽ പ്രസിഡന്റ് സുപ്രീം കോർട്ട് ഓൺ റെക്കോർഡ് അഡ്വ. ജോസ് എബ്രഹാം പറഞ്ഞു
പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുന്നതിന് ലോകത്തെമ്പാടുമുള്ള രാജ്യങ്ങളിൽ പ്രവാസി ലീഗൽ സെല്ലിന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി അടുത്തിടെ ദുബായിയിലും സംഘടനയുടെ പ്രവർത്തനം തുടങ്ങിയിരുന്നു.കോവിഡ് കാലത്ത് റദ്ദു ചെയ്യപ്പെട്ട വിമാന ടിക്കറ്റുകളുടെ റീഫണ്ട് ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ സുപ്രീം കോടതിയിൽ നിന്നും പ്രവാസികൾക്ക് അനുകൂലമായി കോടതി വിധികൾ നേടിയെടുത്തിട്ടുള്ള സംഘടനകൂടിയാണ് പ്രവാസി ലീഗൽ സെൽ.അർഹരായ പ്രവാസികൾക്ക് വിദേശ രാജ്യങ്ങളിൽ ഇന്ത്യൻ മിഷനുകളിലൂടെ സൗജന്യ നിയമ സഹായം ഉറപ്പുവരുത്തുന്നത് ഉൾപ്പെടെയുള്ള കേസുകൾ ഇപ്പോൾ സുപ്രീം കോടതിയുടെ പരിഗണനയിൽ ആണ്
മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സുരക്ഷിത കുടിയേറ്റം എന്ന വിഷയത്തെ ആസ്പതമാക്കി ബോധവൽക്കരണ ക്ലാസുകളും പി എൽ സി യുടെ ഭാഗമായി നടന്ന് വരുന്നുണ്ട്.കൂടാതെ ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് ഉപയോഗിച്ച് കൊണ്ട് സാധ്യമാവുന്ന കേസുകളിലെല്ലാം സൗജന്യമായി പ്രവാസ ലോകത്ത് മരണപ്പെടുന്നവരുടെ മൃതദേഹം ഇന്ത്യയിൽ എത്തിക്കുന്നതിനായി ഈ വിഷയം ഇന്ത്യാ ഗവണ്മെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തി വേണ്ട രീതിയിലുള്ള ഇടപെടലുകളും പ്രവാസി ലീഗൽ സെൽ നടത്തി വരുന്നുണ്ട് .