മലപ്പുറം: താനൂര്‍ ബോട്ടപകടത്തില്‍ മരിച്ച പിതാവും മക്കളുമെത്തിയ ബൈക്കും മോഷണം പോയി. താനൂര്‍ പൂരപ്പുഴ ബോട്ടപകടത്തില്‍ മരിച്ച ഓലപീടികയിലെ കാട്ടില്‍ പീടിയേക്കല്‍ സിദ്ദീഖിന്റെ ബൈക്കാണ് മോഷണം പോയിയത്. അപകട ദിവസം വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് മക്കളായ ഫാത്തിമ മിന്‍ഹ, ഫൈസാന്‍ എന്നിവരോടൊന്നിച്ച് സ്വന്തം ബൈക്കിലാണ് സിദ്ദിഖ് എത്തിയത്. ജെട്ടിക്ക് സമീപം ബൈക്ക് നര്‍ത്തിയിട്ട ശേഷമാണ് ബോട്ടില്‍ മൂവരും കയറിയത്. ദുരന്തത്തിന് ശേഷം രണ്ടാം ദിവസം വാഹനം ഇവിടെ കണ്ടവരുണ്ടായിരുന്നു. വീട്ടിലെ മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞ് മൂന്നാം ദിവസം ബൈക്ക് എടുക്കാന്‍ ബന്ധുക്കള്‍ തീരത്ത് എത്തിയപ്പോഴാണ് മോഷണം പോയത് അറിഞ്ഞത്. ഭാര്യ മുനീറ കഴിഞ്ഞ ദിവസം പോലീസില്‍ പരാതിയും നല്കി. സാമ്പത്തിക പരാധീനതകളുള്ള കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു സിദ്ദിഖ്. അവധിക്കാലമായതിനാല്‍ മക്കളുടെ സന്തോഷത്തിനായാണ് ബോട്ട് യാത്രക്ക് എത്തിയത്.
അതേസമയം, താനൂര്‍ ബോട്ടപകടത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിനായി നിയോഗിച്ച റിട്ട: ഹൈക്കോടതി ജസ്റ്റിസ് വി.കെ മോഹനന് ദുരന്ത സ്ഥലം സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ യോഗത്തിലാണ് ജുഡീഷ്യല്‍ അന്വേഷണത്തിനായുള്ള കമ്മിഷനെ നിയമിച്ചിരുന്നത് റിട്ടയേഡ് ഹൈക്കോടതി ജസ്റ്റിസ് വികെ മോഹനന് അടക്കമുള്ള മൂന്നുപേരാകും അപകടം അന്വേഷിക്കുക. ഇന്നലെ രാവിലെ താനൂരിലെത്തിയ വി.കെ മോഹനന് ഉച്ചയോടെയാണ് അപകടം നടന്ന പൂരപ്പുഴയുടെ തീരത്തെത്തിയത്.
ബോട്ട് വിശദമായി പരിശോധിച്ചു. തിരൂര്‍ ഡിവൈഎസ്പി: ബെന്നിയും സംഘവും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയതിന് ശേഷം കമ്മിഷന് അംഗങ്ങള്‍ യോഗം ചേരുമെന്നും സങ്കേതിക വിദഗ്ദരുടെയും, നിയമ വിദഗ്ദരുടെയും സഹായം ആവശ്യമെങ്കില്‍ തേടുമെന്നും ജസ്റ്റിസ് വി.കെ മോഹനന് പറഞ്ഞു കഴിഞ്ഞദിവസം അപകടത്തില്‍പ്പെട്ട ബോട്ട് ഫോറന്‍സിക് വിദഗ്ധരും വിശദമായി പരിശോധിച്ചിരുന്നു.