മക്ക: ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് സംഘത്തിലെ തീർത്ഥാടകർ മദീന സന്ദർശനം പൂർത്തിയാക്കി വിശുദ്ധ മക്കയിൽ എത്തിതുടങ്ങി. എട്ടു ദിവസം മുമ്പ് മദീനയിലെത്തിയവരാണ് മദീനയിലെ കർമ്മങ്ങൾ പൂർത്തിയാക്കി മക്കയിലേക്ക് തിരിച്ചത്. ആദ്യ സംഘം ചൊവ്വാഴ്ച രാത്രിയോടെ മുത്വവ്വഫ് കമ്പനികൾ തയ്യാറാക്കിയ പ്രത്യേക ബസ്സുകളിലായാണ് മക്കയിൽ എത്തിച്ചേർന്നത്. രാത്രിയോടെ മക്കയിലെത്തിയ ഹാജിമാരെ ഇന്ത്യൻ ഹജജ് മിഷൻ അധികൃതരും വിഖായ, കെ എം സി സി, തനിമ, ഒ ഐ സി സി തുടങ്ങി വിവിധ സന്നദ്ധ സംഘടനകൾ അടക്കമുള്ള മലയാളി സംഘടനകളും ചേർന്ന് മക്കയിൽ ഊഷ്മള സ്വീകരണം നൽകി.
മെയ് 21 നു കൊൽക്കത്ത, ജയ്പൂർ, ലക്നൗ എന്നിവിടങ്ങളിൽ നിന്നെത്തിയ 2656 തീർത്ഥാടകരാണ് എട്ടു ദിവസത്തെ മദീന സന്ദർശനം പൂർത്തിയാക്കി ഇന്ന് മക്കയിൽ എത്തിച്ചേരുന്നത്. ചൊവ്വാഴ്ച പുറപ്പെട്ട ആദ്യ ദിവസത്തെ ഹാജിമാരിൽ പകുതിയിലധികവും സുബഹ് നമസ്ക്കാരനന്തരവും ബാക്കിയുള്ളവർ അസർ നമസ്ക്കാരത്തിന് ശേഷവുമായിരുന്നു യാത്ര ക്രമീകരിച്ചിരുന്നത്. എന്നാൽ, രാവിലെ 9 മണിയോടെയാണ് ആദ്യ സംഘം മദീനയിൽ പ്രവാചക നഗരിയോട് വിട വാങ്ങിയത്. മദീനയിൽ നിന്ന് മീഖാതിൽ എത്തി അവിടെ നിന്ന് ഇഹ്റാം ചെയ്ത ശേഷം രാത്രിയോടെ മക്കയിലെത്തിയ ഹാജിമാരെ ഇന്ത്യൻ ഹജജ് മിഷൻ അധികൃതരും വിഖായ, കെ എം സി സി, തനിമ, ഒ ഐ സി സി അടക്കമുള്ള മലയാളി സംഘടനകളും ചേർന്ന് മക്കയിൽ ഊഷ്മള സ്വീകരണം നൽകി.