തിരുവനന്തപുരം∙ നിപ്പ ഭീഷണി പൂർണമായി ഒഴിഞ്ഞു എന്നു പറായാനാകില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. 7 മാസത്തിനുശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഫെബ്രുവരി 9നാണ് മുഖ്യമന്ത്രി അവസാനമായി മാധ്യമങ്ങളെ കണ്ടത്.
കൂടുതൽപേരിലേക്ക് നിപ്പ രോഗം പടർന്നിട്ടില്ലെന്നും വ്യാപനം തടയാൻ ഫലപ്രദമായ നടപടി സ്വീകരിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യസംവിധാനം ജാഗ്രതയോടെ പ്രവർത്തിക്കുന്നു. തുടക്കത്തില്‍ കണ്ടെത്തിയതിനാൽ അപകടകരമായ സാഹചര്യം ഒഴിവായി. 994 പേർ നിരീക്ഷണത്തിലാണ്. 304പേരുടെ സാംപിൾ ശേഖരിച്ചു. ഇതിൽ 267 പേരുടെ പരിശോധനാഫലം ലഭിച്ചു. 6 പേർ പോസിറ്റീവായി. കോഴിക്കോട് മെഡിക്കൽ കോളജിൽ 9 പേർ നിരീക്ഷണത്തിലുണ്ട്.
നിപ്പ രണ്ടാം തരംഗത്തിനുള്ള സാധ്യത കുറവാണെങ്കിലും പൂർണമായി തള്ളിക്കളയാനാകില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. 2018നും, 19നും സമാനമായ കാര്യങ്ങളാണ് ഇത്തവണയും കണ്ടെത്തിയത്. 36 വവ്വാലുകളുടെ സാംപിൾ ശേഖരിച്ചെങ്കിലും വൈറസ് സാന്നിധ്യം കണ്ടെത്താനായിട്ടില്ല. എന്തുകൊണ്ട് വീണ്ടും കോഴിക്കോട് നിപ്പ ബാധയുണ്ടായി എന്ന് ഐസിഎംആറും വ്യക്തമാക്കുന്നില്ല. സംസ്ഥാനം ഇക്കാര്യത്തിൽ പഠനം നടത്തും. ഐസിഎംആറിന്റെ പഠന റിപ്പോർട്ട് കേരളത്തിന് ലഭ്യമാകും. വിദഗ്ധസമിതിയുടെ ശുപാർശ അനുസരിച്ച് കണ്ടെയ്ൻമെന്റ് സോണിലെ കടകൾ തുറക്കുന്നത് വൈകിട്ട് 5 മണിവരെ എന്നത് രാത്രി 8 ആക്കി. സമയം പരിഷ്ക്കരിക്കുന്നത് 22ന് വീണ്ടും ചർച്ച ചെയ്തശേഷം തീരുമാനിക്കും.– മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിസഭാ പുനഃസംഘടന തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍.
എൽഡിഎഫിൽ പുനഃസംഘടന ചർച്ചകള്‍ നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഏതെങ്കിലും തീരുമാനം നേരത്തെ എടുത്തിട്ടുണ്ടെങ്കില്‍ അത് എൽഡിഎഫ് നടപ്പാക്കും. അത് കൃത്യ സമയത്ത് ചര്‍ച്ച ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
രണ്ടാം പിണറായി സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കുന്ന സാഹചര്യത്തിൽ ഘടകക്ഷികളുടെ മന്ത്രി സ്ഥാനം വച്ചുമാറുമെന്നത് നേരത്തേയുള്ള ധാരണയാണ്. ഇതനുസരിച്ച് ഗതാഗാത മന്ത്രി ആന്‍റണി രാജുവും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലും മാറിയേക്കുമെന്നാണ് വിവരം. പകരം കടന്നപ്പള്ളി രാമചന്ദ്രനും കെ ബി ഗണേഷ്കുമാറും മന്ത്രിസഭയിലേക്ക് എത്തിയേക്കും. അടുത്തയാഴ്ച ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നേക്കും. ഗതാഗതവകുപ്പ് വേണ്ടെന്ന് കെബി ഗണേഷ്കുമാര്‍ നേരത്തേ അറിയിച്ചിട്ടുണ്ട്. എകെ ശശീന്ദ്രന് ഗതഗാതം കൊടുത്ത് ഗണേഷിന് വനം വകുപ്പ് കൊടുക്കാനും നീക്കമുണ്ട്. രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പ്രകടനം ആദ്യ സര്‍ക്കാരിനോളം മികച്ചതല്ലെന്ന വിമര്‍ശനം വ്യപകമാണ്. പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലം വന്നതോടെ ഭരണവിരുദ്ധ വികാരം ശക്തമാണെന്ന വിലയിരുത്തലുമുണ്ട്. സിപിഎമ്മിന്‍റെ മന്ത്രിമാരുടെ കാര്യത്തിലും മാറ്റമുണ്ടായേക്കും. ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജിനെ സ്പീക്കറാക്കിയുള്ള അഴിച്ചുപണിയും പരിഗണനയിലുണ്ട്.
കേരളപ്പിറവി ദിനത്തിൽ കേരളീയം പരിപാടി
കേരളപ്പിറവി ദിനത്തിൽ കേരളീയം എന്ന പേരിൽ ഒരാഴ്ച നീളുന്ന ആഘോഷം കേരള സർക്കാർ സംഘടിപ്പിക്കും. തിരുവനന്തപുരത്ത് കവടിയാർ മുതൽ കിഴക്കേകോട്ട വരെ പ്രത്യേക പരിപാടികൾ സംഘടിപ്പിക്കും. കേരളം കൈവരിച്ച നേട്ടങ്ങൾക്കൊപ്പം ഭാവി കേരളത്തിന് എന്ത് വേണമെന്ന ചർച്ചയും നടത്തും. പത്തോളം പ്രദർശനങ്ങളും 25 ഓളം അന്താരാഷ്ട്ര സെമിനാറുകളും സംഘടിപ്പിക്കും. നഗരം മുഴുവൻ ദീപൈലംകൃതമാക്കും. നിയമസഭയിൽ പുസ്തകോത്സവം സംഘടിപ്പിക്കും. ടൂറിസം കൂടി ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കും.
ഭൂപതിവ് ഭേദഗതി നടപ്പാക്കി
2021 ലെ എൽഡിഎഫ് പ്രകടന പത്രികയിലെ ഉറപ്പായിരുന്ന ഭൂപതിവ് ഭേദഗതി നടപ്പാക്കി. ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ഉറപ്പാക്കും. ഇതോടെ ആറ് പതിറ്റാണ്ടിലേറെയായ ഭൂ പ്രശ്നങ്ങൾക്ക് പരിഹാരം ആകും. മലയോര മേഖലയിലെ പ്രശ്നം ഭൂമിയുടെ അവകാശത്തിന്റെ പ്രശ്നമായി തന്നെയാണ് സർക്കാർ കണ്ടത്. ഇടുക്കിയിലെ മാത്രമല്ല കേരളത്തിലെ ആകെ ഭൂപ്രശ്നങ്ങൾക്ക് പരിഹാരമാണിത്.
മാധ്യമങ്ങളുടെ ചോദ്യങ്ങളെ ഭയപ്പെടുന്നില്ല
മാധ്യമങ്ങളെ കാണാതിരുന്നതിൽ അസ്വാഭാവികതയില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. ചോദ്യങ്ങളെ ഭയപ്പെടുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട ചർച്ചകൾ മുഖ്യമന്ത്രി തള്ളി. എൽഡിഎഫിൽ പുനഃസംഘടനാ ചർച്ചകൾ നടത്തിയിട്ടില്ല. മുൻധാരണകൾ സമയമാകുമ്പോൾ ചർച്ചചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.