ഇനി ഖത്തർ പൗരന്മാർക്ക് വിസയില്ലാതെ അമേരിക്കയിലേക്ക് പറക്കാം

  • Home-FINAL
  • Business & Strategy
  • ഇനി ഖത്തർ പൗരന്മാർക്ക് വിസയില്ലാതെ അമേരിക്കയിലേക്ക് പറക്കാം

ഇനി ഖത്തർ പൗരന്മാർക്ക് വിസയില്ലാതെ അമേരിക്കയിലേക്ക് പറക്കാം


അറബ്, ഗള്‍ഫ് മേഖലയില്‍നിന്ന് വിസയില്ലാതെ അമേരിക്കയില്‍ യാത്രചെയ്യാൻ കഴിയുന്ന ആദ്യ രാജ്യമായി ഖത്തർ. വിസ രഹിത പ്രവേശനം അനുവദിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തറിനെ ഉള്‍പ്പെടുത്തിക്കൊണ്ട് യു.എസ് ആഭ്യന്തര സുരക്ഷ വിഭാഗം പ്രഖ്യാപനം വന്നതോടെയാണ് ഖത്തർ പൗരന്മാർക്ക് വിസയുടെ നൂലാമാലകളില്ലാതെത്തന്നെ അമേരിക്കയിലേക്ക് പറക്കാനുള്ള അവസരം ഒരുങ്ങിയത്.ഡിസംബർ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്ന പദ്ധതി പ്രകാരം ഖത്തർ പൗരന്മാർക്ക് അമേരിക്കയിലെത്തി 90 ദിവസം വരെ വിസയില്ലാതെ താമസിക്കാം.

ഇരു രാജ്യങ്ങളും തമ്മിലെ ശക്തമായ ഉഭയകക്ഷി, നയതന്ത്ര, സുരക്ഷാ സൗഹൃദത്തിൻറെ ഭാഗമായാണ് അപൂർവം രാജ്യങ്ങള്‍ മാത്രം ഇടംപിടിച്ച വിസ രഹിത പ്രവേശന പട്ടികയില്‍ ഖത്തറിനെയും ഉള്‍പ്പെടുത്തിയത്. അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻറെ നിർദേശപ്രകാരം ഖത്തറിനെയും വിസ രഹിത പ്രോഗ്രാം (വി.ഡബ്ല്യു.പി) രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി ആഭ്യന്തര സുരക്ഷ സെക്രട്ടറി അലയാന്ദ്രോ മയോർകാസ് അറിയിച്ചു.ഇതുപ്രകാരം അമേരിക്കൻ പൗരന്മാർക്കും ഖത്തറിലേക്ക് വിസയില്ലാതെ യാത്രയും 90 ദിവസത്തെ താമസവും അനുവദിക്കും. നേരത്തേതന്നെ അമേരിക്കൻ പൗരന്മാർക്ക് ഖത്തർ വിസ രഹിത പ്രവേശനം അനുവദിക്കുന്നുവെങ്കിലും ഇതില്‍ താമസ കാലയളവ് 30 ദിവസമാണ്. ഒക്‌ടോബർ ഒന്ന് മുതല്‍ 90 ദിവസമായി മാറും. അമേരിക്ക വിസ രഹിത പ്രവേശനം അനുവദിക്കുന്ന 42ാമത്തെ രാജ്യമായാണ് ഖത്തർ ഇടം പിടിച്ചത്.ഏഷ്യയില്‍ നിന്ന് ജപ്പാൻ, ദക്ഷിണ കൊറിയ, തായ്‌വാൻ, സിംഗപ്പൂർ രാജ്യങ്ങള്‍ മാത്രമാണ് വിസയില്ലാതെ യാത്രാനുമതിയുള്ളവരുടെ പട്ടികയിലുള്ളത്. വിനോദസഞ്ചാരം, ബിസിനസ് ആവശ്യങ്ങള്‍ക്കുള്ള യാത്രകള്‍ക്കു മാത്രമാണ് ഇതുവഴി അനുവാദം ലഭ്യമാകൂ. വിവിധ സുരക്ഷാ, നിയമ മാനദണ്ഡങ്ങള്‍ പരിഗണിച്ചു മാത്രമാണ് അമേരിക്കയുടെ വിസ രഹിത രാജ്യങ്ങളുടെ പട്ടിക നിശ്ചയിക്കുന്നത്.

Leave A Comment