നാസയുടെ ഗവേഷകരായ സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും ഭൂമിയിലേക്ക് തിരിച്ചെത്തിക്കാൻ പുറപ്പെട്ട ക്രൂ-10 വിക്ഷേപണം വിജയകരം.ഫ്ലോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് കുതിച്ച സ്പേസ്‌എക്സ് ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് ക്രൂ-10 ദൗത്യസംഘം സഞ്ചരിച്ച സ്പേസ്‌എക്സ് ഡ്രാഗണ്‍ പേടകം ഉണ്ടായിരുന്നത്. ഇത് ISSല്‍ വിജയകരമായി ഡോക്ക് (Space Docking) ചെയ്തു. അന്താരാഷ്‌ട്ര ബഹിരാകാശ നിലയവുമായി ക്രൂ-10 സഞ്ചരിച്ച പേടകത്തെ ബന്ധിപ്പിക്കുന്ന പ്രക്രിയ ആണ് ഡോക്കിംഗ്.പേടകത്തിലുണ്ടായിരുന്ന നാസയുടെ നാല് ശാസ്ത്രജ്ഞർ (ക്രൂ-10) അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തി. ഡ്രാഗണ്‍ പേടകത്തില്‍ നിന്ന് നാലംഗ സംഘം നിലയത്തിലേക്ക് പ്രവേശിച്ചു. സുനിതയും സംഘവും അവരെ വരവേറ്റു. എല്ലാവരും പരസ്പരം കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവച്ചു. ഇനി അധികം വൈകാതെ സുനിതയും വില്‍മോറും മറ്റ് രണ്ട് പേരുമടങ്ങുന്ന (ക്രൂ-9) നാലംഗ ബഹിരാകാശ യാത്രികസംഘം ഡ്രാഗണിലേക്ക് പ്രവേശിക്കുകയും ഭൂമിയിലേക്ക് മടങ്ങിവരികയുമാണ് ചെയ്യുക. മാർച്ച് 19ന് മടക്കയാത്ര ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഒമ്ബത് മാസം മുൻപായിരുന്നു ഇന്ത്യൻ വംശജ സുനിതയും ബുച്ച് വില്‍മോറും എട്ട് ദിവസത്തെ ദൗത്യത്തിനായി ബോയിംഗ് സ്റ്റാർലൈനർ പേടകത്തില്‍ ബഹിരാകാശ നിലയത്തിലെത്തിയത്. എന്നാല്‍ ഹീലിയം ചോർച്ച ഉള്‍പ്പടെയുള്ള സാങ്കേതിക തകരാർ കാരണം മടക്കയാത്ര അനിശ്ചിതത്വത്തിലാവുകയായിരുന്നു. തുടർന്ന് ഒമ്ബത് മാസത്തോളം അവർക്ക് ISSല്‍ കഴിയേണ്ടി വന്നു. നിശ്ചയിച്ചതിലും കൂടുതല്‍ കാലം രണ്ടുപേർക്കും ISSല്‍ തങ്ങേണ്ടി വന്നത് വലിയ ആശങ്കകള്‍ക്ക് ഇടയാക്കിയിരുന്നു. ഇരുവരേയും തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ പലതവണ നടന്നെങ്കിലും ഒടുവില്‍ ക്രൂ-10 ദൗത്യമാണ് ഫലം കണ്ടത്.

