ബഹ്റൈൻ ഇന്ത്യ സാംസ്കാരിക സമന്വയത്തിലൂന്നിയ ആദ്യ സിനിമ എന്ന പ്രത്യേകതയോടെ ബഹ്റൈനിൽ നിന്നുള്ള നൂറിൽ പരം കലാകാരന്മാർ ചേർന്നൊരുക്കുന്ന ആന്തോളജി സിനിമ ഷെൽട്ടർ നാളെ (ഏപ്രിൽ 10 ന്) തിയറ്റുകളിൽ എത്തും.സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ബഹ്റൈൻ മീഡിയ സിറ്റിയിൽ ബിഎംസി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്തിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു.സഗയാ ബി എം സി ഹാളിൽ ഇന്നലെ വൈകിട്ട് നടന്ന യോഗത്തിൽ സിനിമ റിലീസിന് തയ്യാറാണെന്നും എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായും ഏവരുടെയും പിന്തുണ ആവശ്യമാണെന്നും സിനിമ കണ്ട് വിജയിപ്പിക്കണമെന്നും പ്രകാശ് വടകര, ജയാ മേനോൻ, ഫ്രാൻസിസ് കൈതാരത്ത് എന്നിവർ അറിയിച്ചു. യോഗത്തിൽ പ്രകാശ് വടകര, ജയാ മേനോൻ, കാത്തു സച്ചിൻ ദേവ്, ഡോക്ടർ പി വി ചെറിയാൻ ,അഭിരുചി ജയ്ൻ , അൻവർ നിലമ്പൂർ, പ്രഗീഷ് ബാല, അനിൽ, ജീവൻ,സിനിമയുമായി ബന്ധപ്പെട്ട പ്രവർത്തകർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ബിഎംസി യുടെ ബാനറിൽ എടത്തോടി ഫിലിംസാണ് സിനിമ തിയേറ്ററിൽ എത്തിക്കുന്നത്. ബഹ്റൈൻ മീഡിയ സിറ്റി സ്ഥാപിതമായതിനു ശേഷം ബിഎംസി ഫിലിം സൊസൈറ്റിയുടെ കീഴിൽ നിർമ്മിക്കപ്പെടുന്ന രണ്ടാമത്തെ സിനിമയായ ഷെൽട്ടർ പൂർണ്ണമായും ബഹ്റൈനിൽ ചിത്രീകരിച്ചിരിക്കുന്നു.

സിനിമ നാളെ ഏപ്രിൽ 10 വ്യാഴാഴ്ച മുതൽ ദാനാ മാളിൽ ഉള്ള എപിക്സ് സിനിമാസിൽ ആണ് പ്രദർശനത്തിന് ഒരുങ്ങുന്നത്.ബഹ്റൈനിൽ നിന്ന് മാത്രമല്ല മൊത്തം ജിസിസിയിൽ നിന്ന് തന്നെയുള്ള ആദ്യത്തെ മലയാള ആന്തോളജി സംരഭം എന്ന ബഹുമതി കൂടി ഷെൽറ്ററിന് സ്വന്തം.4 ചെറു സിനിമകൾ ചേർന്ന ഷെൽറ്ററിൽ പ്രവാസ ലോകത്തെ മലയാളി കലാകാരന്മാരോടൊപ്പം പ്രശസ്തരായ ബഹ്റൈനി കലാകാരന്മാരും രാജസ്ഥാനി കലാകാരന്മാരും വേഷമിടുന്നു. ഇതിൽ 3 സിനിമകളുടെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നതും സ്റ്റെയ്ൽ മേറ്റ് എന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നതും പ്രശസ്ത സിനിമ നടിയും എഴുത്തുകാരിയുമായ ജയാ മേനോനാണ്.

ജയ മേനോൻ , പ്രകാശ് വടകര , മഹാസും ഷാ , സ്റ്റീവാ അനിൽ, അക്ഷയ ബാലഗോപാൽ, അഭിരുചി ജയിൻ ,അമ്മർ സെയ്നൽ കൂടാതെ 50-ാം ഓളം കലാകാരൻമാരും അഭിനയിക്കുന്നു .അറിയപ്പെടുന്ന നടനും സംവിധായകനുമായ പ്രകാശ് വടകര സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ഫെയ്സ് ഇൻ ഫെയ്സ് എന്ന സിനിമയിൽ നീതു ജനാർദ്ദനൻ, കാത്തു സച്ചിൻ ദേവ്, രാഹുൽ സോണി , ശ്രീജിത് ഫറൂഖ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പ്രശോഭ് മേനോൻ സംവിധാനം ചെയ്യുന്ന ലോക്ഡ് എന്ന സിനിമയിൽ കെൽവിൻ പേരാലിങ്കൻ , അനീഷ് നിർമ്മലൻ , ക്ലൗഡി ജോഷി, റോഗി ജോസഫ് എന്നിവരും

സൗരവ് രാകേഷ് ഒരുക്കിയിരിക്കുന്ന ദി ലോസ്റ്റ് ലാംബ്

എന്ന സിനിമയിൽ ശിവ സൂര്യ ശ്രീകുമാർ, ഫഹദ് യാസർ , പ്രിയവംദ ഷാജു തുടങ്ങിയവരും വേഷമിടുന്നു.

