ലോകതൊഴിലാളി ദിനം വിപുലമായി ആഘോഷിച്ച് ബഹ്റൈൻ പ്രതിഭ. മെയ് രണ്ടിന് ബാൻ സാങ് തായ് റസ്റ്റോറന്റ് ഹാളിൽ കോന്നി എം.എൽ.എ. അഡ്വ. കെ യു ജനീഷ് കുമാർ പങ്കെടുത്ത പരിപാടിയിലൂടെ മെയ് ദിനാഘോഷത്തിന് സമാപനം കുറിച്ചു. ഇന്ത്യയിൽ മെയ് 20ന് കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ സമീപനങ്ങൾക്കെതിരെ എല്ലാ തൊഴിലാളി സംഘടനങ്ങളും ചേർന്ന് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.ചെറുതും വലുതുമായ കർഷക പ്രക്ഷോഭങ്ങൾക്കും രാജ്യം സാക്ഷ്യം വഹിക്കുന്നു. സ്വാതന്ത്ര്യ സമരകാലത്ത് സംഘടിച്ചത് പോലെ കർഷകർ സംഘടിക്കുക്കയാണ്.വിദ്യാർത്ഥികൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രക്ഷോഭങ്ങൾ ഉയർത്തുന്നു.രാജ്യത്തിന്റെ മതേരത്തത്തിനേറ്റ വലിയ തിരിച്ചടിയാണ് വർഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ രാജ്യം ഭരിക്കുന്നവർ തന്നെ മുന്നിട്ടിറങ്ങുന്നു എന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.കേരളം ധാരാളം നേട്ടങ്ങൾ കൈവരിച്ച ഒരു നാടാണ്. സാമ്പത്തിക ഉപരോധം തീർത്ത് നമ്മുടെ നാടിന്റെ മുന്നേറ്റത്തെ തടയാനുള്ള വലിയ ശ്രമങ്ങൾ നടത്തുകയാണ്.ബിജെപി ഇതര സർക്കാരുകളെ അങ്ങിനെ തകർക്കാനുള്ള വലിയ ശ്രമങ്ങൾ നടക്കുന്നു. അതിനെ അതിജീവിച്ച് മുന്നോട്ട് പോകാനുള്ള വലിയ ശ്രമം കേരള സർക്കാർ നടത്തി വരികയാണ്. ആ ശ്രമങ്ങളുടെയെല്ലാം ഭാഗമായാണ് കേന്ദ്രസർക്കാരിന്റെ തന്നെ മാനദണ്ഡങ്ങളിൽ പലതിലും കേരളം ഒന്നാം സ്ഥാനത്ത് എത്തിച്ചേർന്നത് എന്നും ജനീഷ് കുമാർ ചൂണ്ടിക്കാട്ടി. വിഴിഞ്ഞം തുറമുഖം യഥാർഥ്യമാകുമ്പോൾ കേരളത്തിന് അഭിമാനിക്കാം. ഒരു സംസ്ഥാന സർക്കാർ മുടക്കമുതലിന്റെ ഏറിയ പങ്കും വഹിച്ച ഒരു തുറമുഖം സാധ്യമാകുന്നത് രാജ്യത്ത് തന്നെ ആദ്യമാണ്. സംസ്ഥാന സർക്കാർ വലിയ ശതമാനം തുകയാണ് വിഴിഞ്ഞത്തിന് വേണ്ടി മുടക്കിയത്.നാടിനെ മുന്നോട്ട് കൊണ്ട് പോകാൻ കഴിയുന്ന പ്രവർത്തനങ്ങളിൽ എക്കാലവും വലിയ പങ്ക് വഹിച്ചിട്ടുള്ള പ്രവാസി സമൂഹം തുടർന്നും കേരളത്തിന്റെ വികസന പ്രക്രിയയിൽ സക്രിയമായ പങ്ക് വഹിക്കണം എന്നും അദ്ദേഹം അഭ്യർത്ഥിച്ചു. പ്രതിഭ പ്രസിഡണ്ട് ബിനു മണ്ണിൽ അധ്യക്ഷത വഹിച്ചു,ആക്ടിംഗ് സെക്രട്ടറി മഹേഷ് കെ വി സ്വാഗതം ആശംസിച്ചു,മുഖ്യ രക്ഷാധികാരി പി ശ്രീജിത്ത്, രക്ഷാധികാരി സമിതി അംഗം സിവി നാരായണൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മെയ് ഒന്ന് രാവിലെ ബഹ്റൈൻ പ്രതിഭ വനിതാവേദി അസ്കറിലെ തൊഴിലാളി ക്യാമ്പിൽ വച്ച് സംഘടിപ്പിച്ച പരിപാടിയിലൂടെയാണ് രണ്ട് ദിവസം നീണ്ട മെയ്ദിനാഘോഷങ്ങൾക്ക് തുടക്കമായത്. അന്നേദിവസം തന്നെ പ്രതിഭ സൽമാബാദ് മേഖല വനിതാ വേദിയുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. സൽമാബാദ് മേഖല ഹമദ്ടൗണിലെ ലേബർ ക്യാമ്പിൽ ഭക്ഷണ വിതരണവും നടത്തി. തുടർന്ന് മനാമ മേഖലകമ്മറ്റി ദിശ 2025ന്റെ ഭാഗമായ വിപ്ലവ ഗാന മത്സരം സംഘടിപ്പിച്ചു. അതേ പരിപാടിയിൽ വച്ച് തന്നെ തൊഴിലാളി ദിനാഘോഷത്തിന്റെ ഭാഗമായി മനാമ സൂഖ് യൂണിറ്റ് പായസവിതരണവും നടത്തി.വിവിധ പ്രദേശങ്ങളിൽ മെയ്ദിനാഘോഷം വിജയിപ്പിക്കാൻ സജീവമായി രംഗത്തിറങ്ങിയ മുഴുവൻ പ്രവർത്തകരെയും അഭിവാദ്യം ചെയ്യുന്നതായി പ്രതിഭ ആക്ടിങ് സെക്രട്ടറി മഹേഷ് കെ വിയും പ്രസിഡണ്ട് ബിനു മണ്ണിലും അറിയിച്ചു.