ബഹ്റൈൻ സമ്മർ ടോയ് ഫെസ്റ്റിവല്‍ രണ്ടാം പതിപ്പ് ആരംഭിച്ചു.ജൂലൈ 1 ന് തുടങ്ങിയ പരിപാടി ഓഗസ്റ്റ് 5 വരെ എക്സിബിഷൻ വേള്‍ഡ് ബഹ്റൈനില്‍ ആണ് നടക്കുന്നത്.ഈ വർഷത്തെ ഫെസ്റ്റിവല്‍ മുൻ പതിപ്പിന്റെ ഇരട്ടി വലുപ്പമുള്ളതാണെന്നും പുതിയ അന്താരാഷ്ട്ര ബ്രാൻഡുകള്‍, സംവേദനാത്മക മേഖലകള്‍, സജീവമായ പ്രവർത്തന പരിപാടികള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നുവെന്നും സംഘാടകരായ ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് സാറ ബുഹിജി മാധ്യമപ്രവർത്തകരോടു പറഞ്ഞു. സന്ദർശകർക്ക് അറബിയിലും ഇംഗ്ലീഷിലും സ്റ്റേജ് ഷോകള്‍, തത്സമയ പ്രകടനങ്ങള്‍, പ്രിയപ്പെട്ട കഥാപാത്രങ്ങളുമായുള്ള മീറ്റ്-ആൻഡ്-ഗ്രീറ്റ് അനുഭവങ്ങള്‍, ക്രിയേറ്റീവ് വർക്ക്ഷോപ്പുകള്‍, ഗെയിമിങ് സോണുകള്‍ എന്നിവയും ആസ്വദിക്കാനാകും. കുടുംബ സൗഹൃദപരവും രസകരവും ഉള്‍ക്കൊള്ളുന്നതുമായി രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണ് ഈ ഫെസ്റ്റിവല്‍.ഈ വർഷം, പ്രത്യേക അതിഥിയായി ഫെസ്റ്റിവലില്‍ പങ്കെടുക്കുന്ന പ്രശസ്ത കലാകാരൻ താരിഖ് അല്‍-അറബി ടൂർഗെയ്ൻ പ്രശസ്ത കാർട്ടൂണ്‍ സിനിമകളിലെ ഏറ്റവും മനോഹരമായ ഗാനങ്ങള്‍ ആലപിക്കും. ഞായർ മുതൽ ബുധൻ വരെ ഉച്ചയ്ക്ക് രണ്ടുമണി മുതൽ രാത്രി 10 മണി വരെയും,വ്യാഴ മുതൽ ശനി വരെ ഉച്ചയ്ക്ക് 12 മണി മുതൽ രാത്രി 10 മണി വരെയും ആണ് പൊതുജനങ്ങൾക്കായി സമ്മർ ഫെസ്റ്റിവൽ പ്രവർത്തിക്കുക.ഒരാൾക്കും മൂന്ന് ദിനാറാണ് സമ്മർ ഫെസ്റ്റിന്റെ ടിക്കറ്റ് നിരക്ക്.അഞ്ചുപേരുടെ ഗ്രൂപ്പിന് 12 ദിനാറിലും ടിക്കറ്റ് ലഭ്യമാകും.

