കൊച്ചി വിമാനത്താവളത്തിൽ സംശയം തോന്നി കസ്റ്റഡിയിലെടുത്ത ബ്രസീൽ ദമ്പതികളെ സ്കാൻ ചെയ്ത ഉദ്യോഗസ്ഥർ ഞെട്ടി. ഗുളികരൂപത്തിൽ കൊക്കെയ്ന്റെ വൻശേഖരമാണ് ഇവരുടെ വയറ്റിൽ കണ്ടെത്തിയത്. ലൂക്കാസ, ഭാര്യ ബ്രൂണ എന്നിവരെയാണ് ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇൻറലിജൻസ് (ഡി.ആർ.ഐ) ഉദ്യോഗസ്ഥർ സംശയാസ്പദ സാഹചര്യത്തിൽ പിടികൂടിയത്. മയക്കുമരുന്ന് കടത്തൽ സംബന്ധിച്ച രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് ഡി.ആർ.ഐ ഉദ്യോഗസ്ഥർ എത്തിയത്. ഇവരെയും ബാഗേജും വിശദമായി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ല. തുടർന്ന് സ്കാൻ ചെയ്യുകയായിരുന്നു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരിൽനിന്ന് ഇതുവരെ 70ഓളം ഗുളികകൾ പുറത്തെടുത്തു.
കൊക്കെയ്നാണ് കാപ്സ്യൂൾ രൂപത്തിലാക്കി വിഴുങ്ങിയതെന്നാണ് സംശയിക്കുന്നത്. കൊക്കെയ്നാണെങ്കിൽ കോടികൾ വില വരും. ഏറെ അപകടകരമായ രീതിയിലുള്ള ലഹരിക്കടത്താണിത്. ശരീരത്തിനുള്ളിൽവെച്ച് ഇവ പൊട്ടിയാൽ മരണംവരെ സംഭവിച്ചേക്കാം. എന്നാൽ ഗുളികകളുടെ പുറത്ത് പ്ലാസ്റ്റിക് ആവരണമുള്ളതിനാൽ വയറ്റിലെത്തിയാലും പൊട്ടാനിടയില്ല. തിരുവനന്തപുരത്ത് ഹോട്ടൽ മുറി ബുക്ക് ചെയ്തതിന്റെ വിവരങ്ങൾ ഇവരിൽനിന്ന് ലഭിച്ചിട്ടുണ്ട്. കൊച്ചിയിൽ വിമാനമിറങ്ങി തിരുവനന്തപുരത്ത് എത്തി മയക്കുമരുന്ന് കൈമാറാനാണ് പദ്ധതിയിട്ടിരുന്നതെന്നാണ് കരുതുന്നത്. ഇവരുടെ ഫോൺകോൾ വിവരങ്ങളടക്കം ഡി.ആർ.ഐ പരിശോധിച്ചുവരികയാണ്.

