ചെന്നൈ: നിറവുമായി ബന്ധപ്പെട്ട മാറ്റിനിറുത്തലുകൾക്ക് എതിരെ പോരാടിയ മോഡലും സമൂഹമാധ്യമങ്ങളിൽ പ്രശസ്തയുമായ സാൻ റേച്ചൽ ഗാന്ധി (26) ആത്മഹത്യ ചെയ്ത സംഭവത്തിൽ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തി. സാൻ റേച്ചലിനു സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു എന്നാണ് കുറിപ്പ് നൽകുന്ന സൂചന. വിവാഹത്തിന് 6 ലക്ഷം രൂപ റേച്ചൽ കടം വാങ്ങിയിരുന്നു. അച്ഛനോ, ഭർത്താവോ അറിയാതെയാണ് കടം വാങ്ങിയത്. ഈ തുക തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ലെന്നും പൊലീസ് പറയുന്നു. അച്ഛന് എഴുതിയ കത്തിൽ, ഒരാൾക്ക് പണം നൽകാനുണ്ടെന്ന കാര്യം സൂചിപ്പിച്ചിട്ടുണ്ട്. അതേ സമയം മരണത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസ് പറയുന്നത്.
അമിതമായി ഉറക്കഗുളിക കഴിച്ചതിനെത്തുടർന്നായിരുന്നു മരണം. മിസ് ഡാർക്ക് ക്വീൻ തമിഴ്‌നാട് (2019), മിസ് ബെസ്റ്റ് ആറ്റിറ്റിയൂഡ് (2019), മിസ് പുതുച്ചേരി (2020/2021), ക്വീൻ ഓഫ് മദ്രാസ് (2022, 2023) എന്നിവയുൾപ്പെടെ ഒട്ടേറെ പ്രാദേശിക, ദേശീയ സൗന്ദര്യ കിരീടങ്ങൾ നേടി. മിസ് ആഫ്രിക്ക ഗോൾഡൻ ഇന്ത്യ (2023) മത്സരത്തിൽ രണ്ടാം സ്ഥാനത്തെത്തി. പല രാജ്യാന്തര മത്സരങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിച്ചു. മോഡലിങ് പരിശീലന സ്ഥാപനമായ റോസ് നോയർ ഫാഷൻ ഗ്രൂമിങ്ങിന്റെ സ്ഥാപകയാണ്.

