കോട്ടയം തിരുവാതുക്കൽ കോടാലി ഉപയോഗിച്ച് ദമ്പതിമാരെ കൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ചു. അസം സ്വദേശി അമിത് ഒറാങ്ങാണ് കേസിലെ പ്രതി. മുൻവൈരാഗ്യത്തെ തുടർന്നായിരുന്നു കൊലപാതകം കോട്ടയം മജിസ്ട്രേറ്റ് കോടതിയിൽ കോട്ടയം വെസ്റ്റ് പോലീസ് ആണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ 67 സാക്ഷികളാണ് ഉള്ളത്. 750 പേജുള്ള കുറ്റപത്രമാണ് പോലീസ് സമർപ്പിച്ചത്. ഇക്കൊല്ലം ഏപ്രിൽ 22 നാണ് പ്രമുഖ വ്യവസായിയും കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയുമായ വിജയകുമാർ (64), ഭാര്യ മീര (60) എന്നിവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തിരുവാതുക്കൽ എരുത്തിക്കൽ ക്ഷേത്രത്തിന് സമീപത്തെ വീട്ടിലാണ് ദമ്പതിമാരെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. തുടർന്ന് വിജയകുമാറിന്റെ സ്ഥാപനത്തിലെ മുൻ ജോലിക്കാരനായിരുന്ന അമിത് ഉറാങ്ങി (24)നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ദമ്പതിമാരെ കൊലപ്പെടുത്തിയശേഷം രക്ഷപ്പെട്ട പ്രതിയെ ഇയാളുടെ സഹോദരൻ ജോലിചെയ്യുന്ന തൃശൂർ മാളയിലെ കോഴിഫാമിൽനിന്നാണ് പോലീസ് സംഘം പിടികൂടിയത്. ദമ്പതിമാരുടെ കൊലപാതകം വ്യക്തിവൈരാഗ്യത്തെത്തുടർന്നുള്ള ആസൂത്രിത കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലാണ് കേസിൽ പോലീസ് അന്വേഷണം ആരംഭിച്ചത്. പ്രതിയുടെ കുറ്റസമ്മതമൊഴി, ശാസ്ത്രീയ തെളിവുകൾ, സാഹചര്യ തെളിവുകൾ എന്നിവയെല്ലാം പോലീസിന്റെ പ്രാഥമികനിഗമനം ശരിവെയ്ക്കുന്നതായിരുന്നു.
2024 ഫെബ്രുവരി മുതൽ വിജയകുമാറിന്റെ ഓഡിറ്റോറിയത്തിലും വീട്ടിലും പ്രതി ജോലിചെയ്തിരുന്നു. പ്രതിക്കൊപ്പം ഭാര്യയും ഇവിടെ ജോലിയിലുണ്ടായിരുന്നു. ഏഴുമാസത്തോളം ജോലിചെയ്തു. എന്നാൽ, 20 ദിവസത്തെ ശമ്പളം കുടിശ്ശികയായി. ഇതിനിടെ അമിത്തും ഭാര്യയും നാട്ടിൽ പോയി. ഇവരെ വിജയകുമാർ വിളിച്ചുവരുത്തി. തുടർന്ന് വീണ്ടും പത്തുദിവസത്തോളം ജോലിചെയ്തു. എന്നാൽ, അപ്പോഴേക്കും ഒരുമാസത്തെ ശമ്പളം കുടിശ്ശികയുണ്ടായിരുന്നു. അടുത്തമാസം ശമ്പളം തരാമെന്നാണ് വിജയകുമാർ പ്രതിയോട് പറഞ്ഞതും വൈരാഗ്യത്തിന് കാരണമായി. ഈ വിരോധത്തെത്തുടർന്നാണ് വിജയകുമാറിന്റെ മൊബൈൽഫോൺ മോഷ്ടിച്ച് പ്രതി തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് രണ്ടേകാൽ ലക്ഷം രൂപയോളം ട്രാൻസ്ഫർ ചെയ്തത്.

