തേവലക്കരയിൽ എട്ടാംക്ലാസ് വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി വീഴ്ച തുറന്നുപറഞ്ഞു. ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ സമർപ്പിച്ച റിപ്പോർട്ടിലാണ് കെഎസ്ഇബിക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തിയത്. വൈദ്യുതി ലൈനിന് തറനിരപ്പിൽ നിന്ന് നിയമപ്രകാരമുള്ള അകലവ്യത്യാസം ഇല്ലാത്തതിനാൽ കെഎസ്ഇബിയും ലൈനിന് കീഴിൽ അനധികൃതമായി നിർമ്മാണ പ്രവർത്തനം നടത്തിയതിനര സ്കൂൾ അധികൃതരും ഉത്തരവാദികളാണെന്നു പ്രാഥമികമായി അന്വേഷണത്തിൽ വിലയിരുത്തുന്നു.
സൈക്കിൾ ഷെഡ്ഡിന് മുകളിലൂടെ ഉണ്ടായിരുന്ന വൈദ്യുതി ലൈനിൽ ലൈനുകൾ കൂട്ടിമുട്ടി അപകടമുണ്ടാകാതിരിക്കാനായി സ്പേസർ സ്ഥാപിച്ചിരുന്നു. ഭൂമിയിൽ നിന്നും ഈ ലൈനിലേക്ക് ആവശ്യമായ സുരക്ഷിത അകലം പാലിച്ചിട്ടില്ല. അതേ പോലെ വൈദ്യുതി ലൈനിൽ നിന്നും സൈക്കിൾ ഷെഡിലേക്കും ആവശ്യമായ സുരക്ഷാ അകലം പാലിച്ചിട്ടില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ഈ സൈക്കിൾ ഷെഡ് നിർമ്മാണത്തിന് അനുമതി ഉണ്ടോ എന്ന കാര്യത്തിലും സംശയമുണ്ടെന്നും മന്ത്രി പറഞ്ഞു.
ലൈനിന് അടിയിൽ ഒരു നിർമ്മാണം നടക്കുമ്പോൾ വൈദ്യുതി ലൈനിൽ നിന്നും സുരക്ഷിതമായ അകലം പാലിക്കണം. വൈദ്യുതി ലൈനുകളിൽ കൃത്യമായി ഇടവേളകളിൽ സുരക്ഷാ പരിശോധന നടത്തണമെന്ന് വൈദ്യുതി ബോർഡിൽ നിർദേശം ഉള്ളതാണ്. അടിയന്തരമായി കെഎസ്ഇബിയുടെ ലൈനുകൾ പരിശോധന നടത്തി ആവശ്യം വേണ്ട സുരക്ഷ നടപടികൾ സ്വീകരിക്കണമെന്ന് വൈദ്യുതി ബോർഡിന് നിർദ്ദേശം നൽകി. സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ലെന്നും മന്ത്രി വ്യക്തമാക്കി.
കുട്ടിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകും. പ്രാഥമികമായി കെഎസ്ഇബി അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്നും പിന്നീട് വിശദമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വേണ്ട ധനസഹായ തുക കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.

