തേവലക്കര ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇലക്ട്രിക്കൽ എൻജിനിയറുടെ കുറിപ്പ് വൈറലാകുന്നു
തേവലക്കരയിലെ സ്‌കൂൾ വിദ്യാർത്ഥിയുടെ ദാരുണമരണത്തിന് ശേഷം ആരാണ് അപകടത്തിന് ഉത്തരവാദി എന്ന ചോദ്യവുമായി ചർച്ചകൾ മുറുകുകയാണ്. ബന്ധപ്പെട്ട ഓരോ വകുപ്പുകൾ പരസ്പരം പഴി ചാരുമ്പോൾ ദുരന്തത്തിന്റെ പശ്ചാത്തലം കൃത്യമായി വിലയിരുത്തിയുള്ള ഇലകട്രിക്കൽ എൻജിനിയർ ജിൻസ് ജോർജിന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറലാവുകയാണ്. കുറിപ്പ് ഇങ്ങനെ:
ഇന്ന് രണ്ടു ജീവനുകൾ ആണ് വൈദ്യുതിയുമായി ബന്ധപ്പെട്ട അപകടം മൂലം കേരളത്തിൽ നിന്നും നഷ്ടമായത്. കഴിഞ്ഞ 25 വർഷത്തോളമായി വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്നത് കൊണ്ടു പല അപകടങ്ങളും അടുത്തു കാണേണ്ടി വന്നിട്ടുണ്ട്. എന്തായാലും ആ അപകടങ്ങൾ അധികവും ഒരു ജീവൻ നഷ്ടപ്പെടുന്ന തരത്തിലേക്ക് എത്തിയില്ല എന്നത് ഭാഗ്യമായി കരുതുന്നു. ജീവൻ നഷ്ടപ്പെടുന്നത് നേരിൽ കണ്ടത് ബാംഗ്ലൂരിൽ വച്ച് ഞാൻ വർക് ചെയ്തിരുന്ന സൈറ്റിന്റെ നേരെ എതിർവശത്തു ബിൽഡിങ് പണിയാൻ സ്റ്റീൽ മുകളിലേക്ക് കയറ്റുമ്പോൾ ഒരു തൊഴിലാളിയുടെ അശ്രദ്ധ മൂലം കമ്പി സമീപത്തുണ്ടായിരുന്ന വൈദ്യുതി ലൈനിൽ തട്ടുകയും തൽക്ഷണം രണ്ടു പേർ ഷോക്കേറ്റ് വീഴുകയും ചെയ്യുന്നത് കണ്ടതാണ്.
ഇന്ന് കൊല്ലം ജില്ലയിലെ ആ സ്‌കൂളിൽ ഒരു കുട്ടി ഷെഡിന് മുകളിലൂടെ നടക്കുമ്പോൾ വൈദ്യുതി ലൈനിൽ തട്ടിയതും മരണപ്പെട്ടതും ഹൃദയഭേദകമായ കാഴ്ചയായി. ഒരു വൈദ്യുതി ലൈൻ പോകുന്നത് കണ്ടിട്ടും ആ കുട്ടി എന്തേ ശ്രദ്ധിച്ചില്ല എന്നു ചോദിക്കുന്നവരെയും ധാരാളമായി ആ വാർത്തകളുടെ അടിയിൽ കാണാം. പക്ഷെ നമ്മൾ ഓർക്കേണ്ടത് വൈദ്യുതി മൂലമുള്ള അപകടം (ഷോക്ക്) പലപ്പോഴും ഏറിയ കൂറും സംഭവിക്കുന്നത് അബദ്ധത്തിലും ബാക്കി അശ്രദ്ധ മൂലവുമാണ് എന്നതാണ്. ഇവിടെ എന്താണ് സംഭവിച്ചത് എന്നു വ്യക്തമല്ല എങ്കിലും ആശ്രദ്ധയായും അബദ്ധമായും തോന്നാവുന്ന ഒരു അപകടമാണ് വീഡിയോയിൽ കാണുന്നത് എന്നു പറയാം.
മനുഷ്യന് ഇത്തരം അപകടങ്ങൾ സംഭവിക്കും എന്നതിനാലാണ് നാട്ടിൽ ഇത്തരം ജോലികൾ ചെയ്യുമ്പോൾ പാലിക്കേണ്ട നിയമങ്ങളും ചട്ടങ്ങളും ഉണ്ടാക്കിയിരിക്കുന്നത്. അത്തരം നിയമങ്ങൾ ഈ സ്ഥലത്ത് പാലിക്കപ്പെട്ടിട്ടില്ല എന്നതാണ് അപകടത്തിലേക്ക് നയിച്ച ഒന്നാമത്തെ കാരണം എന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു. എന്താണ് ഇവിടെ പാലിക്കപ്പെടാതെ പോയ നിയമങ്ങൾ അഥവാ ചട്ടങ്ങൾ??
ഒരു ഇലക്ട്രിക്കൽ കൺസൾട്ടന്റ് എന്ന നിലയിൽ വർക് ചെയ്യുന്നതിനാൽ ഞാനുമായി പരിചയമുള്ളതും വർക് ചെയ്തിട്ടുള്ളതുമായ ആർക്കിടെക്ട്‌സ് പലപ്പോഴും ചോദിക്കുന്ന ചോദ്യമാണ് അവർ ഡിസൈൻ ചെയ്യുന്ന ബില്ഡിങ്ങിന്റെ അടുത്തുകൂടി വൈദ്യുതി ലൈൻ പോകുന്നുണ്ട്, അതുകൊണ്ട് ആ ഭാഗത്ത് എത്ര ദൂരം വിടണം എന്നത്. ഇന്നലെ ഒരാൾ വിളിച്ചു ചോദിച്ചത് അദ്ദേഹത്തിന്റെ സുഹൃത്തിന്റെ സ്ഥലത്തുകൂടി ഒരു ഹൈ വോൾട് ലൈൻ പോകുന്നുണ്ട്. അതുകൊണ്ടു അതിനു താഴെ വീട് പണിയുമ്പോൾ എത്ര ഉയരത്തിൽ പണിയാം എന്നാണ് !. ആദേഹത്തോടും മറ്റുള്ളവരോടും ഞാൻ പറയാറുള്ളത് ഏകദേശം ഇങ്ങനെയാണ്.
ഇന്ത്യയിൽ ഇത്തരം വൈദ്യുതി ലൈനുകൾ എത്ര അകലം പാലിക്കണം എന്നു പ്രധാനമായും നിഷ്‌ക്കർഷിക്കുന്നത് CEA Regulations (Meassures relating to Safety and Electric Supply) ആണ്. അതിലെ റെഗുലഷൻ 62, 63 എന്നിവ ഇലക്ട്രിക്ക് ലൈൻ നിർമ്മിക്കുമ്പോൾ കെട്ടിടങ്ങളും അതുപോലുള്ള നിർമ്മിതികളുമായി പാലിക്കേണ്ട നിയമം പ്രതിപാദിക്കുന്നു. ശ്രദ്ധിക്കുക, ഈ അകലം പാലിക്കണം എന്നു പറയുന്നത് ഒരു കെട്ടിടത്തിന് സമീപത്തു കൂടി വൈദ്യുതിലൈൻ നിർമ്മിക്കുമ്പോൾ പാലിക്കേണ്ട ദൂരമാണ്, മറിച്ചു ലൈനിന് അടുത്തു വീട് നിർമ്മിക്കുമ്പോൾ പാലിക്കേണ്ട നിയമമല്ല എന്നത് പ്രധാനമാണ്. വൈദ്യുതി ലൈനിന് താഴെ കെട്ടിടം പണിയാൻ അനുവദിക്കുന്നില്ല എന്നിരിക്കെ തന്നെ, ലൈൻ നിർമ്മിക്കുമ്പോൾ ആവശ്യമായ കുറഞ്ഞ ദൂരം ലൈനിന് സമീപം കെട്ടിടം നിർമ്മിക്കുമ്പോൾ പോരാതെ വരും എന്നത് സാമാന്യബുദ്ധിയിൽ മനസ്സിലാക്കാവുന്നതാണല്ലോ.
ഇനി എന്താണ് ആ നിയമത്തിൽ പറയുന്ന അകലം എന്നു നോക്കാം. ഈ സംഭവത്തിൽ അതൊരു LT ലൈൻ ആയിരുന്നു എന്നത് കൊണ്ട് അതിന്റെ കാര്യം തന്നെയെടുക്കാം. CEA റെഗുലഷൻ അനുസരിച്ചു ഇത്തരം LT ലൈൻ (650വോൾട്ടിൽ താഴെയുള്ളവ) വലിക്കുമ്പോൾ സമീപത്തെ കെട്ടിടത്തിൽ നിന്നും തിരശ്ചീനമായി (horizontal) 1.2 മീറ്ററും ലംബമായി (Vertical) 2.5 മീറ്ററും അകലം പാലിക്കണം എന്നാണ്. ഇനി അഥവാ ആ കെട്ടിടം ചെരിഞ്ഞ മേൽക്കൂരയുള്ളതാണെങ്കിൽ അതിന്റെ ഏറ്റവും ഉയർന്ന ഭാഗത്ത് നിന്നും ലൈനിന്റെ ഏറ്റവും താഴ്ന്ന ഭാഗത്തേക്ക് (sag) ഈ ദൂരം പാലിക്കണം എന്നാണ് നിയമം. തിരശ്ചീനമായ ദൂരം എന്നത് കാറ്റുകൊണ്ടോ മറ്റോ ലൈൻ ആടുമ്പോൾ എവിടം വരെ എത്തുമോ അവിടെ നിന്നും കെട്ടിടത്തിലേക്കുള്ള ദൂരമായിരിക്കണം എന്നതും പ്രധാനമാണ്. അഥവാ ഈ ദൂരം പാലിക്കാൻ തീരെ കഴിയാത്ത എന്തെങ്കിലും സാഹചര്യം ആണെങ്കിൽ ABC (Arial Bunched Cable) എന്ന വിഭാഗത്തിൽപ്പെട്ട ഇൻസുലേറ്റഡ് ആയ കേബിൾ ഉപയോഗിക്കണം എന്നും നിയമം പറയുന്നു.
11KV ലൈൻ ആണ് എങ്കിൽ ഈ കുറഞ്ഞ ദൂരം യഥാക്രമം 1.2 മീറ്റർ (horizontal), 3.7 മീറ്റർ (Vertical) എന്നിങ്ങനെ ആയിരിക്കണം എന്നാണ് വ്യവസ്ഥ
ഇനി ഇന്നത്തെ സംഭവത്തിലേക്ക് വന്നാൽ, നിലവിലുണ്ടായിരുന്ന LT ലൈനിന് താഴെ കുറഞ്ഞ ഉയരവ്യത്യാസമായ 2.5മീറ്റർ പാലിക്കാതെ ഷെഡ്ഡ് നിർമ്മിച്ച സ്‌കൂൾ മാനേജ്മെന്റ് ആണോ, അതോ കഴിഞ്ഞ 8 വർഷത്തിലേറെയായി അവിടെ നിലനിൽക്കുന്ന ഈ ഷെഡിന്റെ മുകളിലൂടെ പോകുന്ന കമ്പി ഉയർത്തുകയോ അല്ലെങ്കിൽ ABC ആക്കി മാറ്റുകയോ ചെയ്യാത്ത KSEB ആണോ കുറ്റക്കാർ എന്നു തീരുമാനിക്കാനുള്ള അവകാശം നിങ്ങൾക്ക് വിടുന്നു.
എന്റെ കാഴ്ചപ്പാടിൽ ഈ രണ്ടു കൂട്ടരും ഒരേപോലെ കുറ്റക്കാരാണ് എന്നതിലുപരി ഇതൊരു സ്‌കൂൾ കെട്ടിടം ആയതുകൊണ്ട് തന്നെ ഇതിനു വർഷാവർഷം ഫിട്‌നെസ് സർട്ടിഫിക്കേറ്റ് കൊടുത്തവരും ഇതു ശ്രദ്ധിക്കാത്തതാണോ എന്നുകൂടി പരിശോധിക്കേണ്ടിയിരിക്കുന്നു…

