എഡിജിപി എം.ആർ. അജിത്കുമാർ ശബരിമലയിലേക്ക് നടത്തിയ ട്രാക്ടർ യാത്രയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. അജിത്കുമാറിനൊപ്പം രണ്ട് പേഴ്സണൽ സ്റ്റാഫുകളും ട്രാക്ടറിലുള്ള വീഡിയോയാണിത്. പമ്പയിൽനിന്ന് സന്നിധാനത്തേക്കും തിരിച്ചും ട്രാക്ടറിൽ യാത്ര ചെയ്തതാണ് വിവാദത്തിന് കാരണമായത്. സന്നിധാനത്ത് നവഗ്രഹ വിഗ്രഹ പ്രതിഷ്ഠ നടന്ന ദിവസമാണ് അജിത്കുമാർ ശബരിമലയിലെത്തിയത്. സന്നിധാനത്തുനിന്ന് പമ്പയിലേക്ക് യാത്രചെയ്യുന്ന വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നത്.
പമ്പ-സന്നിധാനം റൂട്ടിൽ ചരക്കുനീക്കത്തിന് മാത്രമേ ട്രാക്ടർ ഉപയോഗിക്കാവൂ എന്നും ഡ്രൈവറല്ലാതെ മറ്റൊരാളും അതിൽ ഉണ്ടാകാൻ പാടില്ലെന്നും 12 വർഷം മുമ്പ് ഹൈക്കോടതി വിധിച്ചതാണ്. ഈ നിരോധനം വകവെയ്ക്കാതെയാണ് അജിത്കുമാർ യാത്ര നടത്തിയത്. ഇത് വിവാദമാവുകയും ശബരിമല സ്പെഷ്യൽ കമ്മിഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. തുടർന്ന് ഹൈക്കോടതി രൂക്ഷവിമർശനം നടത്തി. സംഭവത്തിൽ പമ്പ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. പമ്പയിൽനിന്ന് സന്നിധാനം വരെയുള്ള സിസിടിവി ക്യാമറകളിൽ ഒന്ന് പ്രവർത്തനക്ഷമമായിരുന്നു. അതിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്.

