തേവലക്കര ബോയ്സ് ഹൈസ്കൂളിൽ സുരക്ഷയില്ലാതെ കടന്നുപോയ വൈദ്യുതിക്കമ്പിയിൽ തട്ടി ഷോക്കേറ്റ് മരിച്ച മിഥുനെ അവസാനമായി കണ്ട് അമ്മ. നിയന്ത്രണം വിട്ടു കരഞ്ഞ അമ്മയെ ആശ്വസിപ്പിക്കാൻ ആർക്കും സാധിച്ചില്ല. തേവലക്കര സ്കൂളിൽ രാവിലെ മുതൽ ഉച്ചവരെ പൊതുദർശനത്തിന് മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ വിദ്യാർഥികളും നാട്ടുകാരുമായി ആയിരക്കണക്കിന് ആളുകളാണ് എത്തിച്ചേർന്നത്. തുടർന്ന് ഉച്ചയോടെ സ്കൂളിൽനിന്ന് മൃതദേഹം വീട്ടിലേയ്ക്ക് എത്തിച്ചു. യാത്രാമധ്യേ വഴിനീളെ മിഥുനെ ഒരുനോക്ക് കാണാൻ നിരവധി ആളുകൾ കാത്തുനിന്നിരുന്നു. വീട്ടിലും നിരവധി ആളുകൾ അന്ത്യോപചാരം അർപ്പിക്കാൻ എത്തിച്ചേർന്നു. വൈകീട്ട് അഞ്ചുമണിക്ക് വീട്ടുവളപ്പിലാണ് മിഥുന്റെ സംസ്കാരച്ചടങ്ങുകൾ നടക്കും.
ശനിയാഴ്ച രാവിലെ ഒമ്പതിനു ശേഷമാണ് മിഥുൻറെ അമ്മ സുജ കുവൈത്തിൽനിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. ഇളയ മകനും ബന്ധുക്കളും രാഷ്ട്രീയ നേതാക്കളും വിമാനത്താവളത്തിലെത്തിയിരുന്നു. തുടർന്ന് പോലീസ് അകമ്പടിയോടെയാണ് സുജയെ കൊല്ലത്തെ വീട്ടിലെത്തിച്ചത്.
കുവൈത്തിൽ വീട്ടുജോലിക്കായി മൂന്നു മാസം മുമ്പാണ് സുജ പോയത്. മിഥുന് അപകടം സംഭവിക്കുന്ന സമയത്ത് ജോലിചെയ്യുന്ന വീട്ടുകാരുമൊത്ത് സുജ തുർക്കിയിലായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് സുജ വിവരമറിഞ്ഞത്. തുടർന്ന് വെള്ളിയാഴ്ച നാട്ടിലേക്ക് തിരിക്കുകയായിരുന്നു

