ഒഡീഷയിലെ പുരിയിൽ പെൺകുട്ടിയെ മൂന്നുപേർ ചേർന്ന് പെട്രോളൊഴിച്ച് തീകൊളുത്തി. ശനിയാഴ്ച രാവിലെയാണ് സുഹൃത്തിന്റെ വീട്ടിലേക്ക് പോകുകയായിരുന്ന 15-കാരിയായ പെൺകുട്ടിയ്ക്കു നേരെ ആക്രമണമുണ്ടായത്. സാരമായി പരിക്കേറ്റ പെൺകുട്ടിയെ ഭൂവനേശ്വർ എയിംസിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൃത്യം നടത്തിയ ശേഷം കുറ്റവാളികൾ സ്ഥലത്തുനിന്ന് രക്ഷപെട്ടു. ഇവരെ കണ്ടെത്തിയില്ല.
പെൺകുട്ടിക്കെതിരെ ഉണ്ടായ ആക്രമണം ഞെട്ടലുണ്ടാക്കിയെന്ന് സ്ത്രീ ശിശുവികസന വകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി പ്രവതി പരിഡ എക്‌സിൽ കുറിച്ചു. കുറ്റവാളികളെ ഉടൻ പിടികൂടാനും കർശന നടപടികൾ സ്വീകരിക്കാനും പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്,’ ഉപമുഖ്യമന്ത്രി അറിയിച്ചു.
ഒഡീഷയിൽ ബാലസോറിൽ അധ്യാപകനെതിരെയുള്ള ലൈംഗികാതിക്രമം സംബന്ധിച്ച പരാതിയിൽ നടപടിയുണ്ടാകാത്തതിൽ പ്രതിഷേധിച്ച് വിദ്യാർത്ഥിനി തീകൊളുത്തി ആത്മഹത്യ ചെയ്തിരുന്നു. സംഭവം നടന്ന് ഒരാഴ്ചക്കുള്ളിലാണ് അടുത്ത അക്രമം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

