യുഎഇയിൽ വീണ്ടുമൊരു മലയാളി യുവതിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കൊല്ലം ചവറ തെക്കുംഭാഗം കോയിവിളയിൽ അതുല്യഭവനിൽ അതുല്യ സതീഷ് (30) ആണ് ഷാർജ റോളയിലെ ഫ്ളാറ്റിൽ തൂങ്ങിമരിച്ചത്.കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയുടെയും ഒന്നര വയസുകാരി മകളുടെയും മരണത്തിന്റെ ഞെട്ടൽ മാറും മുമ്പേയാണ് ഈ മരണം.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ദുബായിൽ എൻജിനീയറായ ഭർത്താവ് സതീഷും അതുല്യയുമായി രാത്രി വഴക്കുണ്ടായതായി സൂചനയുണ്ട്. സതീഷ് കൂട്ടുകാരോടൊപ്പം അജ്മാനിൽ പോയി പുലർച്ചെയ്ക്ക് തിരിച്ചെത്തിയപ്പോഴാണ് അതുല്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സതീഷ് മദ്യപാനിയാണെന്നും അതുല്യയെ ഉപദ്രവിക്കാറുണ്ടെന്നും ബന്ധുക്കൾ പറയുന്നു. വർഷങ്ങളായി യുഎഇയിലുള്ള സതീഷ് ഒന്നര വർഷം മുൻപാണ് അതുല്യയെ ഇങ്ങോട്ടു കൊണ്ടുവന്നത്. നേരത്തെ ദുബായിലായിരുന്നു താമസം.
ദമ്പതികളുടെ ഏക മകൾ ആരാധിക(10) അതുല്യയുടെ മാതാപിതാക്കളായ രാജശേഖരൻ പിള്ളയ്ക്കും തുളസീഭായിക്കുമൊപ്പം നാട്ടിലെ സ്കൂളിലാണ് പഠിക്കുന്നത്. ഏകസഹോദരി അഖില ഗോകുൽ ഷാർജയിൽ ഇവരുടെ ഫ്ളാറ്റിന് സമീപം താമസിക്കുന്നുണ്ട്. ഷാർജ ഫൊറൻസിക് വിഭാഗത്തിലുള്ള മൃതദേഹം നടപടികൾക്കുശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോകും.

