കേരളത്തിന്റെ പ്രിയപ്പെട്ട മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ യാത്രയാകുമ്പോൾ അദ്ദേഹത്തിന്റെ പേര് ജനഹൃദയങ്ങളിൽ എന്ന പോലെ ശാസ്ത്രലോകത്തും പശ്ചിമഘട്ടത്തിലെ ഒരു കുഞ്ഞൻ കാട്ടുപൂവിലൂടെ നിത്യഹരിതമാകും. പശ്ചിമഘട്ട സംരക്ഷണത്തിനായി, പ്രത്യേകിച്ച് മൂന്നാറിലെ മതികെട്ടാൻ ചോലയെ ദേശീയോദ്യാനമായി പ്രഖ്യാപിക്കുന്നതിലടക്കം വി.എസ്. കാണിച്ച ഇച്ഛാശക്തിക്കുള്ള ആദരവായാണ് ഒരു സംഘം മലയാളി ഗവേഷകർ തങ്ങൾ കണ്ടെത്തിയ പുതിയ ഇനം കാശിത്തുമ്പയ്ക്ക് അദ്ദേഹത്തിന്റെ പേര് നൽകിയത്.
2021-ൽ അന്താരാഷ്ട്ര സസ്യശാസ്ത്ര ജേണലായ ‘ഫൈറ്റോകീസ്’ (PhytoKeys)-ൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ സസ്യത്തെ ലോകത്തിന് പരിചയപ്പെടുത്തിയത്. ഇമ്പേഷ്യൻസ് അച്യുതാനന്ദനി (Impatiens achudanandanii) എന്നാണ് ഈ പുതിയ ഇനത്തിന് പേര് നൽകിയിരിക്കുന്നത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ബോട്ടണി വിഭാഗം ഗവേഷണ കേന്ദ്രത്തിലെ സിന്ധു ആര്യ, ഡോ. വി.എസ്. അനിൽകുമാർ; പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്ലാന്റ് ജനറ്റിക് റിസോഴ്സ് വിഭാഗത്തിലെ എം.ജി. ഗോവിന്ദ്; പാലക്കാട് ഗവൺമെന്റ് വിക്ടോറിയ കോളേജിലെ ബോട്ടണി വിഭാഗത്തിലെ ഡോ. വി.സുരേഷ്; തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലെ ലബോറട്ടറി ഓഫ് ഇമ്മ്യൂണോഫാർമക്കോളജി ആൻഡ് എക്സ്പിരിമെന്റൽ തെറാപ്യൂട്ടിക്സിലെ ഡബ്ല്യൂ.കെ. വിഷ്ണു എന്നിവർ ചേർന്നാണ് ഈ കണ്ടെത്തൽ നടത്തിയത്.

