ബ്രിട്ടനുമായുള്ള സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമാക്കി തന്റെ യുകെ സന്ദർശനം തുടരുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള വ്യാപാര ബന്ധം ഔദ്യോഗിക തിരക്കുകൾക്കും ചർച്ചകൾക്കുമിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമറും ചായ കുടിക്കുന്ന വീഡിയോ വൈറൽ. സ്റ്റാർമറുമൊത്തുള്ള ചായകുടിയെ ‘ചായ് പെ ചർച്ച’ എന്നാണ് നരേന്ദ്ര മോദി വിശേഷിപ്പിച്ചത്.
എക്സിൽ മോദി പങ്കുവച്ച ചായകുടിയുടെ വീഡിയോയിൽ കേരളത്തിനും അഭിമാനിക്കാൻ വകയുണ്ട്.
സ്റ്റാർമർക്കൊപ്പം നടന്ന് ചായകുടിക്കാൻ എത്തുകയാണ് പ്രധാനമന്ത്രി. ഇവിടെ ചായ വിതരണം ചെയ്യുന്നയാൾ മോദിക്ക് ചായ പേപ്പർ കപ്പിൽ ഒഴിച്ച് നൽകുമ്പോഴുള്ള സംസാരവും വീഡിയോയിൽ കാണാം.
മസാല ചായയാണ് പ്രധാനമന്ത്രിമാർ കുടിക്കുന്നത്. അസമിൽ നിന്നുള്ള തേയിലയും കേരളത്തിൽ നിന്നുള്ള മസാലയുമാണ് ചായയുണ്ടാക്കാൻ ഉപയോഗിച്ചിരിക്കുന്നതെന്ന് ചായക്കാരൻ മോദിക്ക് പറഞ്ഞുകൊടുക്കുന്നുണ്ട്. കേരളത്തിൽ നിന്നുള്ള ഏലക്ക, കുരുമുളക്, പട്ട, ഇഞ്ചി എന്നിവയാണ് ഉപയോഗിച്ചിരിക്കുന്നത്. അപ്പോൾ ഇന്ത്യൻ സ്വാദ് ആസ്വദിക്കാം എന്നാണ് നരേന്ദ്ര മോദി കീർ സ്റ്റാർമറോട് പറയുന്നത്. അതോടൊപ്പം തന്നെ മോദിക്ക് ചായ കൈമാറുമ്പോൾ ഒരു ചായ്വാലയിൽ (ചായക്കാരൻ) നിന്ന് മറ്റൊരു ചായ്വാലയിലേക്ക് എന്നും പറയുന്നത് വീഡിയോയിൽ കാണാം.

