കൊച്ചി: സിനിമാനിർമ്മാണത്തിനിടെ രണ്ട് കോടി തട്ടിയെടുത്തെന്ന കേസിൽ നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനിനും പൊലീസ് നോട്ടീസ് അയക്കും. ‘ആക്ഷൻ ഹീറോ ബിജു 2’ എന്ന സിനിമയുടെ പേരിൽ കേസുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിനായി തലയോലപ്പറമ്പ് പോലീസാണ് ഇരുവർക്കും നോട്ടീസ് നൽകുക. നേരിട്ട് ഹാജരാകാനാണ് നോട്ടീസ്. എബ്രിഡ് ഷൈനിന്റെ സംവിധാനത്തിൽ നിവിൻ പോളി നായകനായ ‘മഹാവീര്യർ’ ചിത്രത്തിന്റെ സഹനിർമാതാവ് പി.എസ്. ഷംനാസാണ് ഇരുവർക്കുമെതിരേ വഞ്ചനാക്കുറ്റത്തിന് പരാതി നൽകിയിരിക്കുന്നത്. ഇയാളിൽ നിന്ന് പണം വാങ്ങിയ കാര്യം മറച്ചുവെച്ച് ‘ആക്ഷൻ ഹീറോ ബിജു 2’-വിന്റെ വിതരണാവകാശം മറ്റൊരാൾക്ക് നൽകിയെന്നാണ് പരാതി. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
കോടതി നിർദ്ദേശപ്രകാരം തലയോലപ്പറമ്പ് പോലീസ് നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനുമെതിരേ വഞ്ചനാകുറ്റത്തിന് നേരത്തെ കേസെടുത്തിരുന്നു. ദുബായ് ആസ്ഥാനമാക്കിയുള്ള കമ്പനിയിൽനിന്ന് നിവിൻ പോളിയുടെ നിർമാണ കമ്പനിയായ പോളി ജൂനിയേഴ്സിന് അവകാശമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് അഞ്ചു കോടി രൂപയുടെ വിതരണാവകാശം ഉറപ്പിക്കുകയും രണ്ടുകോടി രൂപ അഡ്വാൻസായി കൈപ്പറ്റുകയും ചെയ്തു എന്നാണ് പരാതി.

