രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർ പേടിയോടെയാണ് ജീവിക്കുന്നതെന്നു കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ പ്രസിഡന്റ് മാർ ആൻഡ്രൂസ് താഴത്ത്. ഛത്തീസ്ഗഡിൽ രണ്ടു
മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നേരത്തേ ജബൽപ്പൂരിൽ പുരോഹിതർ ആക്രമിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന അനുവദിക്കുന്ന മതസ്വാതന്ത്ര്യം ഹനിക്കപ്പെടാൻ പാടില്ലെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടു പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും ഓഫിസുകളിൽ ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കന്യാസ്ത്രീമാരുടെ അറസ്റ്റ് വേദനാജനകമെന്നു സിബിസിഐ പ്രസിഡന്റ് പറഞ്ഞു. ഭരണഘടന നൽകുന്ന മതസ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന രീതിയിലാണു പെരുമാറ്റമുണ്ടായത്. ആഗ്രയിൽ നടത്തുന്ന ആശുപത്രിയിലേക്കു ജോലിക്കാരെ നോക്കിയിരുന്നു. അങ്ങനെയാണു മുതിർന്ന 3 പെൺകുട്ടികളെ കൊണ്ടുവരാൻ കന്യാസ്ത്രീകൾ പോയത്. എന്നാൽ കന്യാസ്ത്രീമാരെ ആ വേഷത്തിൽ കണ്ടപ്പോൾ ആരോ റെയിൽവേ സ്റ്റേഷനിൽ നിന്നു ബജ്റങ്ദൾ പ്രവർത്തകരെ വിവരമറിയിച്ചതാണ്. മനുഷ്യക്കടത്താണ് ആദ്യം എഫ്ഐആറിൽ ഉണ്ടായിരുന്നത്. നിർബന്ധിത മതപരിവർത്തന നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിലും കുറ്റം ചുമത്തിയിട്ടുണ്ട് എന്നാണ് ഇപ്പോൾ അറിയുന്നത്. ഇതു ജാമ്യം ലഭിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുമെന്നും കുഷ്ഠരോഗികളെയുൾപ്പെടെ ശുശ്രൂഷിച്ചവരാണ് സന്ന്യാസിസമൂഹമെന്നും അദ്ദേഹം പറഞ്ഞു.

