കൊച്ചി: യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണയായതായി സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ നിയമോപദേശകനും സുപ്രീംകോടതി അഭിഭാഷകനുമായ സുഭാഷ് ചന്ദ്രൻ. ഇനിയും ചർച്ചകൾ നടക്കേണ്ടതുണ്ടെന്നും ദയാധനം സംബന്ധിച്ച് ചർച്ചകൾ തുടരുമെന്നും സുഭാഷ് ചന്ദ്രൻ പറഞ്ഞു. അതേ സമയം ഈ വാർത്തകളിൽ വാസ്തവമില്ലെന്നു വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
അബ്ദുൽ റഹീമിന്റെ കേസിൽ 36 കോടി കൊടുത്തിട്ടും അദ്ദേഹത്തെ ജയിലിൽ നിന്നും മോചിപ്പിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ആ രാജ്യത്തെ നിയമ സംവിധാനം അനുസരിച്ചു മറ്റു കാര്യങ്ങൾ എങ്ങനെ ആയിരിക്കും എന്നൊക്കെ ചർച്ച നടക്കേണ്ടതുണ്ടെന്നും വധശിക്ഷ വേണ്ടെന്നു മാത്രമാണു തത്വത്തിൽ ധാരണയായതെന്നും അദ്ദേഹം പറഞ്ഞു. തലാലിന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പുണ്ട്, അദ്ദേഹത്തിന്റെ മക്കളുമുണ്ട്. യെമനിലെ നിയമപ്രകാരം മരണപ്പെട്ടവരുടെ സ്വത്തിന്റെ അവകാശികളാണ് തീരുമാനിക്കേണ്ടത്. സ്വാഭാവികമായും മക്കളും മാതാപിതാക്കളുമാണു തീരുമാനമെടുക്കേണ്ടത്. കേന്ദ്ര സർക്കാർ ഈ ചർച്ചകളിലൊന്നും പങ്കാളിയായിട്ടില്ല. രണ്ടാഴ്ച ആയി ഞങ്ങൾ നിരന്തരം ചർച്ചകൾ നടത്തുകയാണ്. ഇന്നലെ നിർണായകമായ ഒരു ഘട്ടത്തിലാണു പറയേണ്ട കാര്യങ്ങൾ ഞങ്ങൾ പുറത്തുവിട്ടത്. ഇന്നലെ രാത്രിയോടെയാണു യെമൻ പണ്ഡിതൻ കാന്തപുരം അബൂബക്കർ മുസ്ലിയാരെ ബന്ധപ്പെട്ടതെന്നും സുഭാഷ് ചന്ദ്രൻ പറഞ്ഞു.
യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ കേസിൽ ചില നിർണായക തീരുമാനങ്ങൾ ഉണ്ടായതായി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ ഓഫിസ് ഇന്നലെ രാത്രിയാണ് അറിയിച്ചത്. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായുള്ള തുടർചർച്ചകൾക്കു ശേഷമായിരിക്കും ശിക്ഷ സംബന്ധിച്ച മറ്റു കാര്യങ്ങൾ തീരുമാനിക്കുക.

