കോഴിക്കോട്: യമന്റെ തലസ്ഥാനമായ സനായിൽ നടന്ന ഉന്നതതല യോഗത്തിൽ നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിക്കൊണ്ടുള്ള തീരുമാനം ഉണ്ടായതായി കാന്തപുരം അബൂബക്കർ മുസ്ലിയാർ വ്യക്തമാക്കി. ഷെയ്ഖ് ഹബീബ് ഉമർ ഹബീബിന്റെ ഇടപെടലാണ് കുടുംബവുമായി സംസാരിക്കാൻ അവസരം ഒരുക്കിയത്. തലാലിന്റെ കുടുംബം അനുകൂല നിലപാട് സ്വീകരിച്ചതോടെ കാര്യങ്ങൾ എളുപ്പമായെന്നും കാന്തപുരം അറിയിച്ചു.
വധശിക്ഷ റദ്ദാക്കിയ സാഹചര്യത്തിൽ അനുകൂലമായ നടപടി ഉടൻ ഉണ്ടാകുമെന്ന് യമൻ പ്രതിനിധികൾ അറിയിച്ചതായും കാന്തപുരം അബൂബക്കർ മുസ്ലിയാർ കൂട്ടിച്ചേർത്തു. ഇതുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പ്രധാനമന്ത്രിയുടെയും വിദേശകാര്യ മന്ത്രിയുടെയും ഓഫീസിനെ അറിയിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. നിമിഷപ്രിയക്ക് മാപ്പ് നൽകുന്നതിലോ ശിക്ഷയിലോ ഇനി വ്യക്തത വരേണ്ടതുണ്ടെന്നും കാന്തപുരം പറഞ്ഞു.

