തിരുവനന്തപുരം: ആശുപത്രിയിലെ ഉപകരണക്ഷാമം സംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയതിന്റെ പേരിൽ തനിക്കെതിരെ നടക്കുന്ന നീക്കങ്ങളിൽ കണ്ണീരോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് യൂറോളജി വിഭാഗം മേധാവി ഡോ.സി. എച്ച്. ഹാരിസ്. ഒരാഴ്ചയ്ക്കുള്ളിൽ കാരണം കാണിക്കൽ നോട്ടിസിനു മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണ സമിതിയിലുണ്ടായിരുന്ന ഡോക്ടർമാർ ഏറെ വർഷമായി അറിയാവുന്നവരാണ്. അവരൊന്നും തന്നെപ്പറ്റി മോശമായി എഴുതുന്നവരല്ല. എപ്പോഴും കത്തു മുഖേന അധികൃതരെ വിവരങ്ങൾ അറിയിക്കാൻ പല വിഷമതകളുണ്ട്. കത്ത് അടിക്കാനുള്ള പേപ്പർ വരെ കൈയിൽനിന്നു പണം കൊടുത്തു വാങ്ങണം. എനിക്ക് ഓഫിസോ, സ്റ്റാഫോ ഇല്ല. പലരുടെയും കൈയും കാലും പിടിച്ചാണ് ഇതൊക്കെ ചെയ്യുന്നതെന്നും ഡോക്ടർ പറഞ്ഞു. പണമില്ലെന്നു പറഞ്ഞ് പാവപ്പെട്ട രോഗികളുടെ ജീവൻ പന്താടരുതെന്നു ഡോ. ഹാരിസ് പറഞ്ഞു. മറുപടി പറയുന്നതിനിടെ കണ്ണുകൾ നിറഞ്ഞ ഡോക്ടർ വീടിനുള്ളിലേക്കു തിരിച്ചു കയറി. ബാക്കി കാര്യങ്ങൾ വൈകിട്ട് പറയാമെന്നു പറഞ്ഞ് കണ്ണുകൾ തുടച്ച് അദ്ദേഹം നടന്നുനീങ്ങി.
ശസ്ത്രക്രിയകൾ മുടങ്ങിയെന്നു വെളിപ്പെടുത്തിയ ഹാരിസിന് ആരോഗ്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു. വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് അനുസരിച്ചാണു നടപടി. ഡോ.ഹാരിസ് സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചതായി ബോധ്യപ്പെട്ടെന്നു നോട്ടിസിൽ വ്യക്തമാക്കിയിട്ടുണ്ട്. ശസ്ത്രക്രിയാ മെഷീന്റെ ഘടകമായ ലിത്തോക്ലാസ്റ്റ് പ്രോബ് ഉണ്ടായിട്ടും ഡോ.ഹാരിസ് ശസ്ത്രക്രിയ മുടക്കിയെന്നു വിദഗ്ധസമിതി കണ്ടെത്തിയെന്നാണ് നോട്ടിസിലെ പ്രധാന ആരോപണം.

