സാഹിത്യവിമർശനത്തിലെ യുഗാന്ത്യം; പ്രൊഫ. എം.കെ സാനു അന്തരിച്ചു

  • Home-FINAL
  • Kerala
  • സാഹിത്യവിമർശനത്തിലെ യുഗാന്ത്യം; പ്രൊഫ. എം.കെ സാനു അന്തരിച്ചു

സാഹിത്യവിമർശനത്തിലെ യുഗാന്ത്യം; പ്രൊഫ. എം.കെ സാനു അന്തരിച്ചു


കൊച്ചി: അധ്യാപകനും എഴുത്തുകാരനും വാഗ്മിയും സാഹിത്യവിമർശകനുമായി കേരളത്തെ പതിറ്റാണ്ടുകളോളം അടയാളപ്പെടുത്തിയ പ്രൊഫ. എം. കെ. സാനു മരിച്ചു. 98 വയസായിരുന്നു. ഒരാഴ്ചയ്ക്ക് മുമ്പ്‌  തെന്നിവീണതിനെ തുടർന്ന് ഇടുപ്പെല്ലിന് പരിക്കേറ്റ്‌ അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ശസ്ത്രക്രിയ നടത്തിയെങ്കിലും ശ്വാസതടസ്സമുണ്ടായിരുന്നതു മൂലം തീവ്രപരിചരണവിഭാഗത്തിൽനിന്നു മാറ്റിയിരുന്നില്ല. വൈകിട്ട് 5.35നായിരുന്നു അന്ത്യംവീഴ്ചയ്ക്ക് തൊട്ടുമുമ്പ് വരെ വിവിധ സാംസ്‌കാരിക, സാമൂഹിക പരിപാടികളിൽ സജീവസാന്നിധ്യമായിരുന്നു അദ്ദേഹം. ഒരു മാസം മുമ്പാണ് അദ്ദേഹത്തിന്റെ അവസാനകൃതിയുടെ പ്രകാശനം നടന്നത്. ഇടത് സ്വതന്ത്രനായി മത്സരിച്ച് എറണാകുളത്ത് നിന്ന് എം. എൽ. എയായി. അനവധി ജീവചരിത്രങ്ങൾ, ലേഖനങ്ങൾ എന്നിവ രചിച്ചിട്ടുണ്ട്.

1928 ഒക്ടോബര്‍ 27-ന് ആലപ്പുഴയിലെ തുമ്പോളിയില്‍ ജനിച്ചു. നാലു വര്‍ഷത്തോളം സ്കൂളദ്ധ്യാപക‌ന്‍. പിന്നീട് വിവിധ ഗവണ്മെന്റ് കോളേജുകളില്‍ അദ്ധ്യാപകവൃത്തിയിലേര്‍പ്പെട്ടു. 1958-ല്‍ അഞ്ചു ശാസ്ത്ര നായകന്മാര്‍ എന്ന ആദ്യഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1960-ല്‍ വിമര്‍ശനഗ്രന്ഥമായ കാറ്റും വെളിച്ചവും പുറത്തിറങ്ങി. 1983-ല്‍ അദ്ധ്യാപനത്തില്‍ നിന്ന് വിരമിച്ചു. 1984-ല്‍ പുരോഗമന സാഹിത്യസംഘം പ്രസിഡണ്ടായി. 1987-ല്‍ എറണാകുളം നിയമസഭാമണ്ഡലത്തില്‍ നിന്നും ഇടതുപക്ഷ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ചു.വിമര്‍ശനം, വ്യാഖ്യാനം, ബാലസാഹിത്യം, ജീവചരിത്രം തുടങ്ങി വിവിധ സാഹിത്യശാഖകളിലായി നാല്പതോളം കൃതികളുടെ രചയിതാവാണ് എം.കെ. സാനു. കര്‍മഗതി എന്നാണ് ആത്മകഥയുടെ പേര്.

മലയാളത്തിലെ ജീവചരിത്രശാഖയ്ക്ക് അനന്യമായ സംഭാവനകൾ നൽകി എം.കെ. സാനു. ചങ്ങമ്പുഴയെക്കുറിച്ചുള്ള ഏറ്റവും ദീപ്തമായ പുസ്തകം സാനുവിന്റെ ‘ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്നേഹഭാജനം’ എന്ന ജീവചരിത്രമാണ്. ബഷീറിനെപ്പറ്റി ‘ഏകാന്തവീഥിയിലെ അവധൂതൻ’, പി.കെ. ബാലകൃഷ്ണനെപ്പറ്റി ‘ഉറങ്ങാത്ത മനീഷി’, ആല്‍ബര്‍ട്ട് ഷൈ്വറ്റ്‌സറെപ്പറ്റി ‘അസ്തമിക്കാത്ത വെളിച്ചം’, ‘യുക്തിവാദി എം.സി. ജോസഫ്’ തുടങ്ങിയ ജീവചരിത്ര രചനകളും പ്രശസ്തമാണ്. ആശാൻ കവിതയെപ്പറ്റി ആഴത്തിലുള്ള പഠനം നടത്തിയിട്ടുണ്ട് അദ്ദേഹം. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, കേരളസാഹിത്യഅക്കാദമി അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, കേരളസാഹിത്യഅക്കാദമി സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം, പത്മപ്രഭാ പുരസ്‌കാരം, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ചു. കർമഗതി എന്ന ആത്മകഥ എഴുതിയിട്ടുണ്ട്. സഹോദരന്‍ അയ്യപ്പന്‍റെ സഹോദരിയും പൊതുപ്രവര്‍ത്തകയുമായിരുന്ന തപസ്വിനി അമ്മയെക്കുറിച്ചുള്ള പുസ്തകമാണ് അവസാനം പ്രസിദ്ധീകരിച്ചത്.

ഭാര്യ: പരേതയായ എന്‍.രത്‌നമ്മ. ‌‌‌‌‌മക്കൾ: എം.എസ്.രഞ്ജിത് (റിട്ട.ഡപ്യൂട്ടി ചീഫ് മെക്കാനിക്കൽ എൻജിനീയർ, കൊച്ചിൻ പോർട്ട് ട്രസ്റ്റ്), എം.എസ്.രേഖ, ഡോ.എം.എസ്.ഗീത (ഹിന്ദി വിഭാഗം റിട്ട.മേധാവി, സെന്റ് പോൾസ് കോളജ്, കളമശേരി), എം.എസ്.സീത (സാമൂഹികക്ഷേമ വകുപ്പ് റിട്ട. ഉദ്യോഗസ്ഥ), എം.എസ്.ഹാരിസ് (മാനേജർ, എനർജി മാനേജ്മെന്റ് സർവീസസ്, ദുബായ്). മരുമക്കൾ: സി.വി.മായ, സി.കെ.കൃഷ്ണൻ (റിട്ട.മാനേജർ, ഇന്ത്യൻ അലുമിനിയം കമ്പനി), അഡ്വ.പി.വി.ജ്യോതി (റിട്ട.മുനിസിപ്പൽ സെക്രട്ടറി), ഡോ.പ്രശാന്ത് കുമാർ (ഇംഗ്ലിഷ് വിഭാഗം മുൻ മേധാവി, കാലടി സംസ്കൃത സർവകലാശാല), മിനി (ഇലക്ട്രിക്കൽ എൻജിനീയർ, ദുബായ്).

Leave A Comment