തിരുവനന്തപുരം മകന്റെ എൻജിനീയറിങ് പ്രവേശനത്തിനു പണം കണ്ടെത്താൻ കഴിയാത്തതിനാൽ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. പത്തനംതിട്ട നാറാണമൂഴി സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിലെ അധ്യാപികയുടെ ഭർത്താവാണ് മരിച്ചത്. അധ്യാപികയുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സമയബന്ധിതമായി വിതരണം ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിനാലാണ് പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫിസിലെ ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. ഓഫിസ് പി.എ എൻ.ജി.അനിൽകുമാർ, സൂപ്രണ്ട് എസ്.ഫിറോസ്, സെക്ഷൻ ക്ലർക്ക് ആർ.ബിനി എന്നിവർക്കാണ് സസ്‌പെൻഷൻ. സ്‌കൂളിലെ പ്രധാനാധ്യാപികയെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യാൻ മാനേജ്മെന്റിനു പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകി.
അത്തിക്കയം വടക്കേചരുവിൽ വി.ടി.ഷിജോയെ (47) ആണ് ഞായറാഴ്ച വൈകിട്ട് മൂങ്ങാംപാറ വനത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഷിജോയുടെ മകന് ഈറോഡിലെ എൻജിനീയറിങ് കോളജിൽ പ്രവേശനം ലഭിച്ചിരുന്നു. ഇതിന് ആവശ്യമായ പണം നൽകാൻ കഴിയാതെ വന്നതോടെയാണ് ഷിജോ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ പറയുന്നു. കർഷകസംഘം ജില്ലാ കമ്മിറ്റിയംഗം ത്യാഗരാജന്റെ മകനാണ് ഷിജോ.
പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫിസിന്റെ പരിധിയിലുള്ള നാറാണംമൂഴി സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിൽ 12 വർഷമായി അധ്യാപികയായ ലേഖ രവീന്ദ്രന്റെ യുപിഎസ് ടി തസ്തികയിലെ നിയമനം ഉപാധികളോടെ അംഗീകരിച്ച് ഹൈക്കോടതി 2024 നവംബർ 26 ന് ഉത്തരവിടുകയും ശമ്പളവും മറ്റാനുകൂല്യങ്ങളും മൂന്നു മാസത്തിനുള്ളിൽ വിതരണം ചെയ്യാൻ പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫിസർക്ക് നിർദേശം നൽകിയിരുന്നു.
സർക്കാർ 2025 ജനുവരി 17നും ഇതിനായി നിർദേശം നൽകിയെങ്കിലും ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തിൽ മറ്റു തുടർനടപടികൾ സ്വീകരിക്കാതെ, വിഷയവുമായി ബന്ധപ്പെട്ട ഫയൽ തീർപ്പാക്കുകയും സ്പാർക്ക് ഓതന്റിക്കേഷന് സ്‌കൂൾ പ്രധാനാധ്യാപിക നൽകിയ അപേക്ഷയിൽ തീരുമാനമെടുക്കാതെ ഓഫീസ് ഉദ്യോഗസ്ഥർ വച്ചു താമസിപ്പിക്കുകയും ചെയ്തു.

