തിരുവനന്തപുരം: നടൻ കൃഷ്ണ കുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ ക്യുആർ കോഡ് ഉപയോഗിച്ച് വനിതാ ജീവനക്കാർ പണം തട്ടിയതായി കണ്ടെത്തൽ. കീഴടങ്ങിയ വിനീത, രാധാകുമാരി എന്നീ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം തെളിഞ്ഞത്. തട്ടിപ്പുകേസിൽ പ്രതിയായ മൂന്നു ജീവനക്കാരികളുടെയും ബാങ്ക് അക്കൗണ്ടിലേക്ക് ക്യുആർ കോഡ് വഴി ചില ദിവസങ്ങളിൽ രണ്ടു ലക്ഷത്തോളം രൂപ എത്തിയിട്ടുണ്ട്. പ്രതികളെ ദിയയുടെ സ്ഥാപനത്തിൽ എത്തിച്ചു തെളിവെടുപ്പ് നടത്തി.
ഈ പണം ഉപയോഗിച്ച് പ്രതികൾ സ്വർണവും സ്കൂട്ടറുമൊക്കെ വാങ്ങിയതായും പൊലീസ് കണ്ടെത്തി. സ്കൂട്ടർ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുണ്ട്. പണയം വച്ചിരിക്കുന്ന സ്വർണം വീണ്ടെടുക്കാനുള്ള നീക്കം തുടരുകയാണ്. തട്ടിപ്പിലൂടെ നേടുന്ന പണം പ്രതികൾ മൂന്നായി പങ്കിട്ടെടുത്തു. നികുതി വെട്ടിക്കാൻ വേണ്ടി ദിയാ കൃഷ്ണ പറഞ്ഞിട്ടാണ് ക്യുആർ കോഡ് മാറ്റി തങ്ങളുടെ അക്കൗണ്ടിലേക്കു പണം സ്വീകരിച്ചതെന്നാണ് ആദ്യം ജീവനക്കാർ പറഞ്ഞിരുന്നത്. എന്നാൽ വിശദമായ ചോദ്യം ചെയ്യലിൽ ഇതു ശരിയല്ലെന്നു തെളിഞ്ഞു.
ദിയയുടെ ക്യുആർ കോഡിനു പകരം ജീവനക്കാർ സ്വന്തം ക്യുആർ കോഡ് ഉപയോഗിച്ചാണ് 40 ലക്ഷത്തോളം രൂപ അക്കൗണ്ടുകളിലേക്ക് മാറ്റിയതെന്നും കണ്ടെത്തിയിട്ടുണ്ട്. സ്ഥാപനത്തിലെ ക്യുആർ കോഡിൽ മാറ്റം വരുത്തി 69 ലക്ഷം രൂപയുടെ തട്ടിപ്പു നടത്തിയെന്നാണ് പ്രതികൾക്കെതിരായ പരാതി. ഇവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

