കൊല്ലം: തെന്മല പോലീസ് സ്റ്റേഷൻ പരിധിയിൽ മലഞ്ചരക്ക് സാധനങ്ങളും പണവും മോഷ്ടിച്ചതിന് പിടിയിലായ കള്ളന്റെ ഡയലോഗ് കേട്ട് അമ്പരക്കുകയാണ് സോഷ്യൽ മീഡിയ. കഴിഞ്ഞ ആഴ്ചയാണ് ഇടമൺ എൽപിസ്‌കൂളിനു സമീപമുളള കടയിൽനിന്ന് 85,000 രൂപയും 250 കിലോ ഉണക്കകുരുമുളകും 70 കിലോ കൊട്ടപ്പാക്കും മോഷണം പോയത്. തുടർന്ന് പുനലൂർ, ചാച്ചിപുന്ന സ്വദേശികളായ മുകേഷ്, ശ്രീജിത്ത്, അനി, ബിജു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം മോഷ്ടാക്കളെ തെളിവെടുപ്പിനെത്തിച്ചപ്പോഴാണ് കള്ളൻമാരുടെ നേതാവായ മുകേഷിന്റെ ഡയലോഗ് ഹിറ്റായത്. മുഖം മറച്ചാണ് മോഷണം നടത്തിയത്. അതേ സമയം പിടിയിലായതിന് കാരണം എസ്‌ഐ അമീൻ സാറിന്റെ മിടുക്കാണെന്നും സാറിനെ അഭിനന്ദിക്കാനും ഇയാൾ മടിക്കുന്നില്ല. എറിയാൻ അറിയാവുന്നവന്റെ കയ്യിൽ വടികൊടുത്താൽ കാര്യങ്ങൾ കൃത്യമാണെന്ന സത്യവും കള്ളൻ പങ്കുവച്ചു.
‘ആരും കള്ളനായി അമ്മയുടെ വയറ്റിൽനിന്ന് ജനിക്കുന്നില്ലെന്നും സാഹചര്യമാണ് കള്ളനാക്കുന്നതെന്നും കള്ളൻ ചിരിയോടെ പറയുന്നതും ദൃശ്യങ്ങളിൽ കാണാം. ചോദ്യങ്ങൾ വീണ്ടുമുയർന്നപ്പോൾ ഫോൺ നമ്പർ തരാമെന്നും ജയിലിൽനിന്ന് ഇറങ്ങാൻനേരം വന്നാൽ വിശദമായി കാര്യങ്ങൾ പറയാമെന്നുമായിരുന്നു ചെറുചിരിയോടെയുള്ള സംസാരം. താനാണ് നേതാവെന്നും ബാക്കി ഉള്ളവർ സഹായികളാണെന്നും ഇയാൾ ഏറ്റുപറഞ്ഞു. മലഞ്ചരക്ക് കടകളിലാണ് പ്രധാനമായും മുകേഷിന്റെ മോഷണശ്രമങ്ങളെന്നും ഇത്തരം കടകളിൽനിന്ന് മോഷ്ടിച്ചതിനുശേഷം മലഞ്ചരക്കെടുക്കുന്ന മറ്റുകടകളിൽ കുറേശ്ശെയായി വിൽപന നടത്തുകയും ചെയ്യുന്നതാണ് ശീലമെന്നും പോലീസ് പറയുന്നു. മുൻപും തെന്മല പോലീസ് സ്റ്റേഷൻ പരിധിയിൽ മുകേഷ് പിടിയിലായിരുന്നു.

