അടൂരിന്റെ വിവാദ പരാമർശം; കേസെടുക്കാൻ കഴിയില്ലെന്ന് നിയമോപദേശം

  • Home-FINAL
  • Kerala
  • അടൂരിന്റെ വിവാദ പരാമർശം; കേസെടുക്കാൻ കഴിയില്ലെന്ന് നിയമോപദേശം

അടൂരിന്റെ വിവാദ പരാമർശം; കേസെടുക്കാൻ കഴിയില്ലെന്ന് നിയമോപദേശം


തിരുവനന്തപുരം: സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെ കേസെടുക്കാൻ കഴിയില്ലെന്ന് പൊലീസിന് നിയമോപദേശം. ഫിലിം കോൺക്ലേവിൽ അടൂരിന്റെ വിവാദപരാമർശത്തിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. അടൂരിന്റെ പ്രസംഗം മുഴുവനും പരിശോധിച്ചാൽ പരാതിയിൽ ആരോപിച്ചിരിക്കുന്ന കാര്യങ്ങൾ നിലനിൽക്കില്ലെന്നാണ് നിയമോപദേശം.

സാമൂഹിക പ്രവർത്തകൻ ദിനു വെയിലാണ് അടൂരിനെതിരെ മ്യൂസിയം പൊലീസ് സ്റ്റേഷനിലും എസ് സി, എസ് ടി കമ്മീഷനിലും പരാതി നൽകിയത്. വനിതാ സംവിധായകർക്കും പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള സംവിധായകർക്കുമെതിരെ അടൂർ അധിക്ഷേപ പരാമർശം നടത്തിയതെന്നായിരുന്നു പരാതി. പ്രസംഗത്തിലൂടെ അടൂർ എസ് സി, എസ് ടി വിഭാഗത്തിലെ മുഴുവൻ അംഗങ്ങളെയും പൊതുവായി കുറ്റവാളികളോ കള്ളന്മാരോ അഴിമതി ചെയ്യാൻ സാദ്ധ്യതയുള്ളവരോ ആയി ചിത്രീകരിക്കുന്നുവെന്നാണ് പരാതിയിൽ ദിനു പറയുന്നത്. കോൺക്ലേവിന്റെ സമാപനവേദിയിലാണ് അടൂർ വിവാദ പരാമർശങ്ങൾ നടത്തിയത്. പട്ടികജാതി വിഭാഗത്തിൽ നിന്ന് സിനിമയെടുക്കാൻ വരുന്നവർക്ക് ആദ്യം പരിശീലനമാണ് നൽകേണ്ടതെന്നാണ് അടൂർ പറഞ്ഞത്. ചലച്ചിത്ര വികസന കോർപ്പറേഷൻ വെറുതേ പണം മുടക്കരുത്. ഒന്നരക്കോടി രൂപ നൽകുന്നത് വളരെ കൂടുതലാണ്. പലരും ചെയ്തത് നിലവാരമില്ലാത്ത സിനിമകളാണെന്നും അടൂർ പറഞ്ഞു. ഇതേത്തുടർന്ന് വേദിയിൽ നിന്ന് പ്രതിഷേധമുയർന്നെങ്കിലും വൈകാതെ അടൂർ പ്രസംഗം തുടരുകയായിരുന്നു.

അതേസമയം, ഫിലിം കോൺക്ലേവിലെ വിവാദ പരാമർശത്തിൽ അടൂരിനെതിരെ സംഘടനകൾ ഡബ്ല്യുസിസി, ദിശ, അന്വേഷി ഉൾപ്പെടെയുളള വനിതാ സംഘടനകളും പരാതി നൽകിയിട്ടുണ്ട്. അടൂരിനെ വിളിച്ചുവരുത്തി വിശദീകരണം തേടണമെന്നാണ് പരാതിയിലെ ആവശ്യം. സർക്കാർ പരിപാടികളിൽ നിന്ന് അടൂരിനെ മാറ്റിനിർത്താൻ നിർദ്ദേശം നൽകണമെന്നും അടൂരിന്റേത് സ്ത്രീ വിരുദ്ധ പരാമർശമാണെന്നും ഗായിക പുഷ്പവതിയെ അധിക്ഷേപിച്ചെന്നും പരാതിയിൽ പറയുന്നു.

Leave A Comment