ന്യൂഡൽഹി: വോട്ടെടുപ്പിൽ തിരഞ്ഞെടുപ്പു കമ്മിഷൻ കൃത്രിമം നടത്തുന്നുവെന്ന ആരോപണം വീണ്ടും ഉയർത്തി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മഹാരാഷ്ട്രയിൽ അടക്കം തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നതായും വോട്ടുമോഷണം നടക്കുന്നതായുമാണ് രാഹുൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചത്. ഇതിന്റെ തെളിവുകളും അദ്ദേഹം പുറത്തുവിട്ടു.
സർവത്ര ക്രമക്കേടാണ് നടക്കുന്നതെന്ന് വ്യക്തമാക്കിയ രാഹുൽ ചില തിരഞ്ഞെടുപ്പ് ഫലങ്ങൾ ഞെട്ടിച്ചതായും പറഞ്ഞു. കമ്മിഷൻ ബിജെപിയുമായി ചേർന്ന് വോട്ടു മോഷ്ടിക്കുകയാണ്. മഹാരാഷ്ട്രയിൽ 40 ലക്ഷം അജ്ഞാത വോട്ടർമാരുണ്ടായിരുന്നു. അവിടെ അസാധാരണ പോളിങ്ങാണ് നടന്നത്. 5 മണി കഴിഞ്ഞപ്പോൾ പോളിങ് പലയിടത്തും കുതിച്ചുയർന്നു. മഹാരാഷ്ട്രയിലെ രേഖകൾ തിരഞ്ഞെടുപ്പ് കമ്മിഷൻ നശിപ്പിച്ചു. കോൺഗ്രസ് ആവശ്യപ്പെട്ടിട്ടും കമ്മിഷൻ വോട്ടർ പട്ടിക നൽകിയില്ല. സിസിടിവി ദൃശ്യങ്ങൾ 45 ദിവസങ്ങൾ കഴിഞ്ഞപ്പോൾ നശിപ്പിച്ചു. ഇതിനായി കമ്മിഷൻ നയം മാറ്റി. കർണാടകയിലും ക്രമക്കേട് നടന്നതായി രാഹുൽ പറഞ്ഞു. വ്യാജ വിലാസങ്ങളിൽ ഇല്ലാത്ത വോട്ടർമാരെ മിക്കയിടങ്ങളിലും തിരുകി കയറ്റിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷൻ പലതും ഒളിക്കുകയാണെന്നും രാഹുൽ പറഞ്ഞു.
ഒരു ലോക്സഭാ മണ്ഡലത്തിലെ വോട്ടർ പട്ടിക പരിശോധിച്ചപ്പോൾ ആകെയുള്ള 6.5 ലക്ഷം വോട്ടർമാരിൽ 1.5 ലക്ഷം പേരും വ്യാജന്മാരാണെന്നു കണ്ടെത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി സർക്കാരുണ്ടാക്കിയത് ഈ തട്ടിപ്പിലൂടെ നേടിയ സീറ്റുകൾ ഉപയോഗിച്ചാണ്. രാജ്യത്തെ തിരഞ്ഞെടുപ്പ് സംവിധാനത്തിൽ, 2014 മുതൽ എന്തോ കുഴപ്പം സംഭവിക്കുന്നുണ്ടെന്ന സംശയം നേരത്തേ തന്നെയുണ്ട്. രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിൽ കോൺഗ്രസ് പാർട്ടിക്ക് ഒരു സീറ്റ് പോലും ലഭിക്കുന്നില്ല. ഇത് അത്ഭുതകരമാണെന്നും രാഹുൽ വ്യക്തമാക്കി.
വോട്ടർപട്ടികയുടെ ഇലക്ടോണിക് ഡാറ്റ നൽകാത്തത് കൃത്രിമം കണ്ടെത്തുമെന്നത് കൊണ്ടാണെന്നും രാഹുൽ പറഞ്ഞു. ‘നിങ്ങൾ രണ്ടുതവണ വോട്ട് ചെയ്‌തോ എന്നോ നിങ്ങളുടെ പേര് വോട്ടർ പട്ടികയിൽ രണ്ടുതവണയുണ്ടോ എന്നോ എനിക്ക് കണ്ടെത്തണമെങ്കിൽ, നിങ്ങളുടെ ചിത്രമെടുത്ത് ഈ ഓരോ കടലാസുമായി ഒത്തുനോക്കേണ്ടി വരും. ഇതാണ് അതിലെ നടപടിക്രമം, ഇത് വളരെ മടുപ്പിക്കുന്ന ഒരു പ്രക്രിയയുമാണ്. ഒന്നിലധികം സീറ്റുകളിൽ ഇത് ചെയ്യാമെന്നാണ് ഞങ്ങൾ ആദ്യം കരുതിയിരുന്നത്, എന്നാൽ ഈ ബുദ്ധിമുട്ട് നേരിട്ടപ്പോഴാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ എന്തുകൊണ്ടാണ് ഞങ്ങൾക്ക് ഇലക്ട്രോണിക് ഡാറ്റ നൽകാത്തതെന്ന് മനസ്സിലായത്. കാരണം, ഞങ്ങൾ ഇത് സൂക്ഷ്മമായി പരിശോധിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. ഈ ദൗത്യം പൂർത്തിയാക്കാൻ ഞങ്ങൾക്ക് ആറുമാസം വേണ്ടിവന്നു.. തിരഞ്ഞെടുപ്പ് കമ്മിഷൻ ഞങ്ങൾക്ക് ഇലക്ട്രോണിക് ഡാറ്റ നൽകിയിരുന്നെങ്കിൽ, ഇതിന് 30 സെക്കൻഡ് മതിയാകുമായിരുന്നു. വിവരങ്ങൾ വിശകലനം ചെയ്യപ്പെടാതിരിക്കാനാണ് ഞങ്ങൾക്ക് ഈ രൂപത്തിൽ അവ നൽകുന്നത്’ രാഹുൽ പറഞ്ഞു.
അതുകൊണ്ട്, തിരഞ്ഞെടുപ്പ് കമ്മീഷനോട് ഞങ്ങൾക്ക് പറയാനുള്ളത് ഇതാണ്: നിങ്ങൾ ഇന്ത്യൻ ജനാധിപത്യത്തെ തകർക്കാനുള്ളവരല്ല, അതിനെ സംരക്ഷിക്കാനുള്ളവരാണ്. ഈ വിവരങ്ങളെല്ലാം ഇപ്പോൾ തെളിവുകളാണ്. കർണാടകയിലെ വിവരങ്ങൾ മാത്രമല്ല, രാജ്യത്തെ ഓരോ വോട്ടർ പട്ടികയും തെളിവാണ്. ഇത് ഇന്ത്യൻ ഭരണഘടനയ്ക്ക് എതിരായ ഒരു കുറ്റകൃത്യമാണ്. ഇതൊരു നിയമസഭാമണ്ഡലത്തിലെ കുറ്റകൃത്യത്തിന്റെ മാത്രം തെളിവാണ്. ഞങ്ങൾക്ക് പൂർണ്ണ ബോധ്യമുണ്ട്, രാജ്യത്തുടനീളം, ഓരോ സംസ്ഥാനങ്ങളിലും ഈ കുറ്റകൃത്യം വളരെ വലിയ തോതിൽ നടക്കുന്നുണ്ടെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടെന്നും രാഹുൽ പറഞ്ഞു.

