ന്യൂഡൽഹി: കർണാടകയിലെ വോട്ടർപട്ടികയിലെ ക്രമക്കേട് ആരോപണങ്ങളിൽ സത്യവാങ്മൂലം സമർപ്പിക്കാൻ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയോട് തിരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെട്ടു. കർണാടകയിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ രാഹുലിന് ഇതുസംബന്ധിച്ച കത്തു നൽകി. വോട്ടർ പട്ടികയിലെ ക്രമക്കേടുകളുടെ വിശദാംശങ്ങൾ സത്യവാങ്മൂലത്തിലൂടെ നൽകണമെന്നാണ് നിർദ്ദേശം. ഇതിനായി സത്യവാങ്മൂലത്തിന്റെ മാതൃകയും രാഹുലിന് നൽകിയിട്ടുണ്ട്. ബിഎൻഎസ് സെക്ഷൻ 227 പ്രകാരം ‘തെറ്റായ തെളിവ്’ നൽകുന്നത് ശിക്ഷാർഹമാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ബെംഗളൂരു സെൻട്രൽ ലോക്സഭാ സീറ്റിലെ മഹാദേവപുര മണ്ഡലത്തിൽ വൻതോതിലുള്ള വോട്ട് മോഷണം നടന്നെന്നായിരുന്നു രാഹുൽ ആരോപിച്ചത്. മഹാദേവപുര നിയമസഭാ മണ്ഡലത്തിലെ 6.5 ലക്ഷം വോട്ടുകളിൽ ഒരു ലക്ഷത്തിലധികം വോട്ടുകൾ കൃത്രിമമായി രേഖപ്പെടുത്തിയതാണെന്നും ആ മണ്ഡലത്തിൽ ധാരാളം വ്യാജ വോട്ടർമാർ, അസാധുവായ വിലാസങ്ങളും കോൺഗ്രസ് റിസർച്ച് ടീം കണ്ടെത്തിയെന്നും രാഹുൽ ആരോപിച്ചിരുന്നു.

