ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിലും മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലും വ്യാപക ക്രമക്കേട് നടന്നതായുള്ള ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണത്തെ പിന്തുണച്ച് കോൺഗ്രസ് എംപി ശശി തരൂർ. തിരഞ്ഞെടുപ്പ് ക്രമക്കേടിനായി ബിജെപിയും തിരഞ്ഞെടുപ്പ് കമ്മിഷനും ഗൂഢാലോചന നടത്തുന്നതിന്റെ തെളിവുകളുണ്ടെന്നാരോപിച്ച് വ്യാഴാഴ്ച മാധ്യമങ്ങൾക്കുമുന്നിൽ രാഹുൽ വിവരങ്ങൾ അവതരിൂപ്പിച്ചിരുന്നു.
രാഹുലിന്റെ ആരോപണങ്ങൾ ഗുരുതരമാണെന്നും എല്ലാ രാഷ്ട്രീയക്ഷികളുടെയും രാജ്യത്തെ വോട്ടർമാരുടെയും താത്പര്യമനുസരിച്ച് ഗൗരവമായി കണക്കിലെടുക്കണമെന്നും തരൂർ പറഞ്ഞു. കഴിവില്ലായ്മയും അശ്രദ്ധയും മൂലമോ മോശമായതും കരുതിക്കൂട്ടിയുള്ളതുമായ അനാവശ്യ ഇടപെടലിലൂടെയോ തകർക്കാവുന്നതല്ല ഇന്ത്യയുടെ മൂല്യമേറിയ ജനാധിപത്യത്തിന്റെ വിശ്വാസ്യതയെന്നും തരൂർ എക്സ് പോസ്റ്റിൽ കുറിച്ചു. തിരഞ്ഞെടുപ്പ് ക്രമക്കേടുകളെ കുറിച്ചുള്ള രാഹുലിന്റെ വാർത്താസമ്മേളനത്തിന്റെ കോൺഗ്രസ് പങ്കുവെച്ച വീഡിയോപോസ്റ്റ് റീപോസ്റ്റ് ചെയ്തുകൊണ്ടാണ് തരൂർ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്രസർക്കാരിനേയും അനുകൂലിച്ച് കൊണ്ടുള്ള അഭിപ്രായപ്രകടനങ്ങളിലൂടെ കോൺഗ്രസിന് അപ്രിയനായി മാറിയിരുന്ന തരൂരിന്റെ പുതിയ നിലപാട് ശ്രദ്ധേയമായിരിക്കുകയാണ്. രാഹുലിനെ പിന്തുണച്ചുള്ള പുതിയ നിലപാട് തരൂരിനോടുള്ള പാർട്ടിയുടെ നീരസത്തിൽ അൽപം മാറ്റമുണ്ടായേക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

