ന്യൂയോർക്ക്: പോർച്ചുഗീസ് ഫുട്ബോൾ താരവും സ്പോർട്സ് ഐക്കണുമായ ക്രിസ്റ്റ്യാനോ റൊണാൾഡോ, തന്റെ പങ്കാളി ജോർജിന റോഡ്രിഗസുമായി വിവാഹനിശ്ചയം നടത്തിയെന്ന വാർത്തയാണിപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റ്. റൊണാൾഡോ വിവാഹാഭ്യർത്ഥന നടത്തിയപ്പോൾ നൽകിയ വിലയേറിയ മോതിരത്തിന്റെ ചിത്രം ജോർജിന സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചപ്പോഴാണ് ആ സന്തോഷവാർത്ത ലോകമറിഞ്ഞത്.
അഞ്ചു സെന്റിമീറ്ററിൽ കൂടുതൽ നീളമുള്ള ഈ മോതിരത്തിൽ, ഓവൽ ആകൃതിയിലുള്ള ഒരു വലിയ വജ്രവും അതിന് ഇരുവശത്തുമായി രണ്ട് ചെറിയ കല്ലുകളുമാണുള്ളത്. ന്യൂയോർക്കിലെ പ്രശസ്ത ആഭരണ വിദഗ്ധയായ ബ്രയോണി റെയ്മണ്ടിന്റെ അഭിപ്രായത്തിൽ, പ്രധാന ഓവൽ വജ്രത്തിന് 25-30 കാരറ്റ് വരെ ഭാരമുണ്ടാകാം. പ്രമുഖ ജ്വല്ലറി ബ്രാൻഡായ ഫ്രാങ്ക് ഡാർലിംഗ് ജ്വല്ലറിയുടെ സ്ഥാപകനായ കീഗൻ ഫിഷറിന്റെ അഭിപ്രായത്തിൽ, വശങ്ങളിലുള്ള രണ്ട് വജ്രങ്ങൾക്ക് ഏകദേശം ഒരു കാരറ്റ് വീതം ഭാരമുണ്ട്.
മോതിരത്തിന് രണ്ടു മുതൽ അഞ്ചുദശലക്ഷം യുഎസ് ഡോളർ വരെ (ഏകദേശം 16.8 കോടി മുതൽ 42 കോടി രൂപ വരെ) വിലവരുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഡയമണ്ട് ബ്രാൻഡിലെ വിദഗ്ധരായ ലോറൽ ഡയമണ്ട്സിലെ ലോറ ടെയ്ലർ പറയുന്നത് മോതിരത്തിന്റെ ഏറ്റവും കുറഞ്ഞ മൂല്യം രണ്ട് ദശലക്ഷം ഡോളറായിരിക്കുമെന്നാണ്. അതേസമയം അമേരിക്കൻ പ്രമുഖ ജ്വല്ലറി ബ്രാൻഡായ റെയർ കാരറ്റ് സി.ഇ.ഒ അജയ് ആനന്ദ് മോതിരത്തിന് അഞ്ചുദശലക്ഷം ഡോളർ ആകുമെന്നാണ് പറയുന്നത്.
കഴിഞ്ഞ എട്ടുവർഷമായി ഒരുമിച്ച് കഴിയുകയാണ് ഫുട്ബോൾ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും മോഡലായ ജോർജിന റോഡ്രിഗസും. 2016-ൽ സ്പെയിനിൽവെച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. ജോർജിന മാഡ്രിഡിലെ ഗുച്ചി റീട്ടെയിൽ സ്റ്റോറിൽ സെയിൽസ് അസിസ്റ്റന്റായി ജോലിചെയ്യവേയാണ് ഈ കണ്ടുമുട്ടൽ. ക്രമേണ ഇരുവരും തമ്മിൽ പ്രണയത്തിലാവുകയായിരുന്നു.
റൊണാൾഡോയും ജോർജിന റോഡ്രിഗസും 2017-ന്റെ തുടക്കത്തിലാണ് തങ്ങളുടെ ബന്ധം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഫിഫ ഫുട്ബോൾ അവാർഡ് ദാന ചടങ്ങിലാണ് ഇരുവരും ആദ്യമായി ഒരുമിച്ച് പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്. അതേസമയം, വിവാഹം സംബന്ധിച്ച ഒരു വിവരവും റൊണാൾഡോ ഇതുവരെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടില്ല.

