ഫറോക്ക്: പെൺകുട്ടിയെ തട്ടികൊണ്ടു പോയ കേസിൽ പൊലീസ് പിടികൂടിയ അസം സ്വദേശി പൊലീസ് സ്റ്റേഷനിൽ നിന്ന് ഓടി രക്ഷപെട്ടു. അസം സ്വദേശി പ്രസൻജിത്ത് (21) ആണ് കൈവിലങ്ങുമായി പൊലീസ് സ്റ്റേഷനിൽ നിന്ന് ഓടിപോയത്. പെരുമുഖം ഭാഗത്തുനിന്ന് ഇതര സംസ്ഥാന പെൺകുട്ടിയേയും കൊണ്ടു നാടുവിട്ടു പോയ പ്രതിയെയും പെൺകുട്ടിയെയും ബെംഗളൂരിൽ നിന്ന് കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് ഇരുവരെയും ചൊവ്വാഴ്ച ഫറോക്ക് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.
പെൺകുട്ടിയെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കി. പ്രതി പ്രസൻജിത്തിനെ ആശുപത്രിയിൽ വൈദ്യപരിശോധനക്ക് ഹാജരാക്കിയതിനു ശേഷം പൊലീസ് സ്റ്റേഷനിൽ നിർത്തിയതായിരുന്നു. രാത്രി എട്ടുമണിയോടെ പ്രതിയെ കാണാതായി. സെല്ലിൽ ഇടാതെ പുറത്തു നിർത്തിയ പ്രതി സ്റ്റേഷനിലെ പാറാവു ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥനെ വെട്ടിച്ചു കടന്നു കളയുകയായിരുന്നു. പൊലീസ് വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. പൊലീസിന്റെ വീഴ്ചയാണ് പ്രതി രക്ഷപെടാനുള്ള കാരണമായി ചൂണ്ടിക്കാണിക്കപെടുന്നത്.

