ബഹ്റൈൻ പ്രതിരോധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ തിയാബ് ബിൻ സഖർ അൽ നുഐമി യുഎസ് നാവികസേനയുടെ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് നിമിറ്റ്സ് സന്ദർശിച്ചു.

ഇതിൻ്റെ ഭാഗമായി കപ്പലിന്റെ പ്രവർത്തനങ്ങൾ,കഴിവുകൾ, നിയുക്ത ദൗത്യങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദീകരണം അദ്ദേഹത്തിന് നൽകിയിരുന്നു. തുടർന്ന് അദ്ദേഹം കപ്പലിന്റെ ഭാഗങ്ങൾ, നൂതന സംവിധാനങ്ങൾ, ആധുനിക നാവിഗേഷൻ ഉപകരണങ്ങൾ എന്നിവ പരിശോധിക്കുകയും ചെയ്തു.

റോയൽ ബഹ്റൈൻ നാവിക സേനയും , യുഎസ് നാവികസേനയും തമ്മിലുള്ള സഹകരണം ബഹ്റൈനും അമേരിക്കയും തമ്മിലുള്ള ശക്തവും ദീർഘകാലവുമായ ബന്ധത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് ലെഫ്റ്റനന്റ് ജനറൽ അൽ നുഐമി, ചൂണ്ടിക്കാട്ടി. വിവിധ മേഖലകളിലായി, പ്രത്യേകിച്ച് സൈനിക, പ്രതിരോധ മേഖലകളിൽ ഇരു രാജ്യങ്ങളുടെയും പങ്കാളിത്തത്തിൽ നിന്നാണ് ഇത്തരം സഹകരണം ഉണ്ടാകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

