ന്യൂഡൽഹി: മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണൻ ബിജെപിയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥി.
ഞായറാഴ്ച വൈകിട്ട് ഡൽഹിയിൽ ആരംഭിച്ച ബിജെപി ഉന്നത സമിതിയായ പാർലമെന്ററി ബോർഡ് യോഗത്തിന് പിന്നാലെ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. തമിഴ്നാട് സ്വദേശിയാണ് രാധാകൃഷ്ണൻ. ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതി പദം രാജിവച്ച ഒഴിവിലേക്കാണ് പുതിയ സ്ഥാനാർഥിയെ തീരുമാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത്ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുന്നത് ഉറപ്പാക്കാൻ പ്രതിപക്ഷത്തിന്റെ പിന്തുണ തേടുമെന്ന് ജെപി നഡ്ഡ പറഞ്ഞു. അതിനായി പ്രതിപക്ഷത്തെ മുതിർന്ന നേതാക്കളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ആർഎസ്എസിലൂടെ വളർന്നുവന്ന വ്യക്തിയാണ് ചന്ദ്രപുരം പൊന്നുസ്വാമി രാധാകൃഷ്ണനെന്ന സി.പി. രാധാകൃഷ്ണൻ. 2003 മുതൽ 2006 വരെ തമിഴ്നാട് ബിജെപിയുടെ അധ്യക്ഷനായിരുന്നു. കോയമ്പത്തൂരിൽനിന്ന് മുൻപ് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2023 ഫെബ്രുവരി 18 മുതൽ 2024 ജൂലായ് 30 വരെ ജാർഖണ്ഡിന്റെ ഗവർണറായും സേവനമനുഷ്ഠിച്ചു. പിന്നീട് കുറഞ്ഞ ദിവസങ്ങളിൽ തെലങ്കാന ഗവർണറും പുതുച്ചേരിയുടെ ലഫ്റ്റനന്റ് ഗവർണറുമായി സേവനം ചെയ്തു. 1957 ഒക്ടോബർ 20-ന് തമിഴ്നാട്ടിലെ തിരുപ്പൂരിൽ ജനനം.
പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ ആദ്യ ദിവസമാണ് അപ്രതീക്ഷിതമായി ഉപരാഷ്ട്രപതി സ്ഥാനത്തുനിന്ന് ജഗ്ദീപ് ധൻകർ രാജിവച്ചത്.
ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള മത്സരത്തിൽ ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാർഥിയെ തിങ്കളാഴ്ച നിശ്ചയിച്ചേക്കും. ഇന്ത്യാ സഖ്യ പാർട്ടികളുടെ പാർലമെന്റിലെ നേതാക്കൾ രാവിലെ നടക്കുന്ന യോഗത്തിൽ പങ്കെടുക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് യോഗം വിളിച്ചിരിക്കുന്നത്

