യുവതിയെ ഗർഭഛിദ്രത്തിന് നിർബന്ധിച്ചു; രാഹുലിനെതിരെ ഫോൺ രേഖകൾ സഹിതം പരാതി

  • Home-FINAL
  • Kerala
  • യുവതിയെ ഗർഭഛിദ്രത്തിന് നിർബന്ധിച്ചു; രാഹുലിനെതിരെ ഫോൺ രേഖകൾ സഹിതം പരാതി

യുവതിയെ ഗർഭഛിദ്രത്തിന് നിർബന്ധിച്ചു; രാഹുലിനെതിരെ ഫോൺ രേഖകൾ സഹിതം പരാതി


കൊച്ചി: വിവാദ വെളിപ്പെടുത്തലുകൾ പുറത്തു വന്നതിനു പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് എതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതി. യുവതിയെ ഗർഭഛിദ്രത്തിന് നിർബന്ധിച്ചു എന്നു കാട്ടി അഭിഭാഷകനായ ഷിന്റോ സെബാസ്റ്റ്യനാണ് രാഹുലിനെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ബാലാവകാശ കമ്മിഷനും പരാതി നൽകി.

തനിക്കെതിരെ എവിടെയും പരാതിയില്ലെന്നും ആരും പരാതിപ്പെട്ടില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ അവകാശപ്പെട്ടതിനു പിന്നാലെയാണ് പരാതിയിലെ വിവരങ്ങൾ പുറത്തു വന്നത്. യുവതിയുമായി രാഹുൽ നടത്തി എന്നവകാശപ്പെടുന്ന ഫോൺ സംഭാഷണം ഉൾപ്പെടെയാണ് പരാതി നൽകിയിരിക്കുന്നത്. ഈ സംഭാഷണത്തിലെ വിവരങ്ങൾ പരിശോധിച്ച ശേഷം യുവതിയുമായി സംസാരിച്ചു വേണം പൊലീസിന് തുടർനടപടിക്രമങ്ങളിലേക്ക് നീങ്ങാൻ. പുറത്തു വന്ന ഓഡിയോ സന്ദേശത്തിലാണ് യുവതിയെ ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്ന രീതിയിലുള്ള സംഭാഷണങ്ങളുള്ളത്. ഇത് ഇന്ത്യൻ നിയമം പ്രകാരം കുറ്റകരമാണെന്ന് പരാതിക്കാരൻ പറയുന്നു.

തനിക്ക് അശ്ലീല സന്ദേശങ്ങൾ ലഭിക്കുകയും മോശം പെരുമാറ്റം അനുഭവിക്കേണ്ടി വരികയും ചെയ്തിട്ടുണ്ടെന്ന യുവനടി റിനി ആൻ ജോർജിന്റെ വെളിപ്പെടുത്തലുകൾക്കു പിന്നാലെ രാഹുലിന്റേത് എന്നവകാശപ്പെടുന്ന ചില ചാറ്റുകളും മറ്റും പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് യുവതിയുമായി ഗർഭഛിദ്രം സംബന്ധിച്ച് സംസാരിക്കുന്ന ഫോൺ സംഭാഷണം പുറത്തു വന്നതും. തുടർന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവി രാജി വയ്ക്കുകയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് വാർത്താ സമ്മേളനം നടത്തിയ രാഹുൽ തനിക്കെതിരെ ആരും പരാതിയൊന്നും നൽകിയിട്ടില്ലെന്നാണ് അവകാശപ്പെട്ടത്.

Leave A Comment