”രാഹുൽ ലൈംഗിക വൈകൃതമുള്ളയാൾ, റേപ്പ് ചെയ്യണമെന്നു പറഞ്ഞു; ആരോപണവുമായി ട്രാൻസ്ജൻഡർ അവന്തിക

  • Home-FINAL
  • Business & Strategy
  • ”രാഹുൽ ലൈംഗിക വൈകൃതമുള്ളയാൾ, റേപ്പ് ചെയ്യണമെന്നു പറഞ്ഞു; ആരോപണവുമായി ട്രാൻസ്ജൻഡർ അവന്തിക

”രാഹുൽ ലൈംഗിക വൈകൃതമുള്ളയാൾ, റേപ്പ് ചെയ്യണമെന്നു പറഞ്ഞു; ആരോപണവുമായി ട്രാൻസ്ജൻഡർ അവന്തിക


കൊച്ചി: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ച രാഹുൽ മാങ്കൂട്ടത്തിലിനു എതിരെ കൂടുതൽ ആരോപണങ്ങൾ ഉയരുന്നു. രാഹുൽ ലൈംഗിക വൈകൃതമുള്ള ആളാണെന്നും തന്നെ ബലാത്സംഗം ചെയ്യുന്നതു പോലെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്നു പറഞ്ഞെന്നും ആരോപിച്ച് ട്രാൻസ് വുമനും ബിജെപി നേതാവുമായ അവന്തിക രംഗത്തെത്തി. ഏറെക്കാലമായി ലൈംഗികവൈകൃതം നിറഞ്ഞ മെസേജുകളും ഫോൺ വിളികളുമാണ് രാഹുലിന്റെ ഭാഗത്തു നിന്നുണ്ടായതെന്നും ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റിനോട് താൻ ഇക്കാര്യങ്ങൾ പറഞ്ഞിട്ടുണ്ടെന്നും അവന്തിക മാധ്യമങ്ങളോട് വെളിപ്പെടുത്തി.

ഒരു യുവനേതാവ് അശ്ലീല മെസേജുകൾ അയയ്ക്കുകയും മോശമായി പെരുമാറുകയും ചെയ്യുന്നുവെന്നും മുന്നറിയിപ്പ് നൽകിയിട്ടും ‘ഹു കെയേഴ്‌സ്’ എന്നായിരുന്നു മനോഭാവമെന്നും യുവനടി റിനി ആൻ ജോർജ് വെളിപ്പെടുത്തിയതിനു പിന്നാലെ ഒട്ടേറെ ആരോപണങ്ങളാണ് രാഹുലിനു നേരെ ഉയരുന്നത്. ഒരു യുവതിയോട് ഗർഭഛിദ്രം നടത്താൻ നിർബന്ധിക്കുന്ന ഫോൺ സംഭാഷണങ്ങളും ഇതിനിടെ പുറത്തു വന്നു. ഈ സംഭവത്തിൽ രാഹുലിനെതിരെ പൊലീസിൽ പരാതിയും ലഭിച്ചിട്ടുണ്ട്. ആരോപണങ്ങൾ ശക്തമായതോടെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവി രാജിവച്ച രാഹുൽ തനിക്കെതിരെ ആരും പരാതിപ്പെട്ടിട്ടില്ലെന്നും യുവനടി ആരോപണം ഉന്നയിച്ചത് തന്നെക്കുറിച്ച് ആവില്ലെന്നുമാണ് പ്രതികരിച്ചത്.

എന്നാൽ അതിനു പിന്നാലെയാണ് ബിജെപി നേതാവും സാമൂഹിക പ്രവർത്തകയുമായ ട്രാൻസ് വുമൻ അവന്തിക വെളിപ്പെടുത്തലുകൾ നടത്തിയത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത് ഒരു ചർച്ചയ്ക്കിടെയാണ് രാഹുലിനെ പരിചയപ്പെട്ടതെന്നും അതിനുശേഷം സമൂഹമാധ്യമങ്ങളിലൂടെ സുഹൃത്തായെന്നും അവന്തിക പറയുന്നു. ആദ്യം നല്ല സുഹൃത്തുക്കളായിരുന്നു. എന്നാൽ വൈകാതെ ലൈംഗികദാരിദ്ര്യം പിടിച്ചതുപോലെ രാഹുൽ സംസാരിച്ചു തുടങ്ങിയെന്നും അവന്തിക പറയുന്നു. ഇതിനിടെയാണ് റേപ്പ് ചെയ്യണം തുടങ്ങിയ കാര്യങ്ങളും പറയുന്നത്. പൊതുപ്രവർത്തകനായതിനാൽ നാട്ടിൽ വച്ച് കാണാൻ പറ്റില്ലെന്നും ബെംഗളുരുവിലോ ഹൈദരാബാദിലോ പോകാമെന്നും രാഹുൽ പറഞ്ഞതായി അവന്തിക പറയുന്നു. കോൺഗ്രസിലെ ചില നേതാക്കളോടും ചില സുഹൃത്തുക്കളോടും ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിരുന്നതായും അവർ പറഞ്ഞു. റിനി ആൻ ജോർജിന്റെ വെളിപ്പെടുത്തലുകൾ പുറത്തു വന്നതിനു പിന്നാലെയാണ് ഇക്കാര്യം പുറത്തു പറയാൻ തീരുമാനിച്ചതെന്നും അവർ വ്യക്തമാക്കി. താൻ ഇക്കാര്യങ്ങൾ വെളിപ്പെടുത്തുമോ എന്ന് ഭയന്നിട്ട് ഇന്നും രാഹുൽ വിളിച്ചിരുന്നു എന്നും അവന്തിക പറഞ്ഞു. ടെലിഗ്രാമിൽ ഒറ്റത്തവണ മാത്രം കാണാവുന്ന മെസേജുകളാണ് രാഹുൽ അയയ്ക്കാറ് എന്നും അതിനാൽ സ്‌ക്രീൻ ഷോട്ടുകൾ പോലും എടുക്കാൻ കഴിയാറില്ലെന്നും അത്തരത്തിലാണ് രാഹുൽ തെളിവുകൾ നശിപ്പിക്കുന്നതെന്നും അവന്തിക പറഞ്ഞു.

Leave A Comment