ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഓണാഘോഷ പരമ്പരയായ ശ്രാവണം 2025 -ന്റെ തുടക്കമായി പിള്ളേരോണം ഇന്ന് (ഓഗസ്റ്റ് 22ന്) വെള്ളിയാഴ്ച വൈകിട്ട് 5 മണി മുതൽ സമാജം ഡയമണ്ട്ജുബിലീ ഹാളിൽ സംഘടിപ്പിക്കുന്നു.മുൻകൂട്ടി രജിസ്റ്റർ ചെയ്ത 800-ഓളം കുട്ടികൾക്കായി സൗജന്യ ഓണസദ്യയും ഒരുക്കിയിട്ടുണ്ടെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള അറിയിച്ചു.
കുട്ടികളുടെ ചെണ്ടമേളവും താലപ്പൊലിയും, പഴമയും പുതുമയും സമന്വയിപ്പിച്ച നൃത്തം, പാട്ട്, സ്കിറ്റ് എന്നിവയുമായി 150-ഓളം കുട്ടികൾ പങ്കെടുക്കുന്ന മെഗാ പരിപാടി “ഓണമാണിക്യം” ഒന്നര മണിക്കൂറോളം നീണ്ടു നിൽക്കുന്ന വ്യത്യസ്തമായ പരിപാടിയാണെന്നു സമാജം ജനറൽ സെക്രട്ടറി വര്ഗീസ് കാരക്കൽ അറിയിച്ചു. തെയ്യം, കാവടി പോലുള്ള കേരളീയ കലാരൂപങ്ങൾ ഉൾപ്പെടുത്തി നടത്തുന്ന കുട്ടികളുടെ ഘോഷയാത്രയും, കുട്ടികൾക്കായുള്ള കളികളും, വടംവലിയും ആഘോഷങ്ങൾക്ക് കൂടുതൽ ഭംഗി പകരും എന്ന് ആക്ടിങ് സെക്രട്ടറി മഹേഷ് ജി. പിള്ളൈ അഭിപ്രായപ്പെട്ടു .
പിള്ളേരോണം ആഘോഷങ്ങളുടെ ഭാഗമാകുവാൻ ഏവരെയും ഹൃദയപൂർവ്വം ക്ഷണിച്ചുകൊള്ളുന്നതായി കൺവീനർ രാജീവ് പി. മാത്യു, ജോയിന്റ് കൺവീനർമാരായ ശ്രീജിത്ത് ശ്രീകുമാർ, റഷീദ്, നീതു സലീഷ് എന്നിവർ അറിയിച്ചു

