ബഹ്റൈൻ കേരളീയ സമാജം, പ്രവാസി മലയാളികളുടെ അഭിമാനമായി മാറിയ മഹാഗായകൻ പി. ജയചന്ദ്രന്റെ സ്മരണാർത്ഥം “ശ്രാവണം 2025” നോട് അനുബന്ധിച്ചു രണ്ട് പ്രധാന പരിപാടികൾ സംഘടിപ്പിക്കുന്നു.
ആദ്യ പരിപാടി “കാവ്യപുസ്തകമല്ലോ ജീവിതം” എന്ന പേരിൽ ഗാനമേളയാണ് . ജയചന്ദ്രൻ പാടിയ ഗാനങ്ങൾ മാത്രം ഉൾപ്പെടുത്തിയിട്ടുള്ള ഈ ഗാനവിരുന്ന് 2025 സെപ്റ്റംബർ 5-ാം തീയതി (തിരുവോണദിനം) വൈകിട്ട് 7 മണിക്ക് BKS ഡയമണ്ട് ജൂബിലി ഹാളിൽ അരങ്ങേറും. പ്രശസ്ത ഗായകൻ ശ്രീ പന്തളം ബാലൻ, ശ്രീ രവി ശങ്കർ, ശ്രീമതി പ്രമീള എന്നിവർ സംഗീത വിരുന്നിന് നേതൃത്വം നൽകും. പ്രശസ്ത ഗാനനിരൂപകനും മാധ്യമപ്രവർത്തകനുമായ രവി മേനോൻ അനുസ്മരണ പ്രഭാഷണം നടത്തും.
രണ്ടാമത്തെ പ്രധാന പരിപാടി “BKS Jayachandran Award 2025” എന്ന സംഗീതമത്സരമാണ്. ജയചന്ദ്രൻ പാടിയ ഗാനങ്ങൾ മാത്രം ഉൾപ്പെടുത്തി, നാല് പ്രാഥമിക റൗണ്ടുകളും ഒരു ഗ്രാൻഡ് ഫിനാലെയും ഉൾപ്പെടുന്ന മത്സരപരമ്പരയാണ് സംഘടിപ്പിച്ചിരിക്കുന്നത്. പുരുഷ-സ്ത്രീ വിഭാഗങ്ങൾക്കായി പ്രത്യേകം മത്സരങ്ങളും, പ്രേക്ഷക വോട്ടിനെ അടിസ്ഥാനമാക്കി ഓഡിയൻസ് ചോയ്സ് അവാർഡും ഫൈനലിൽ ഉണ്ടായിരിക്കും. ഗ്രാൻഡ് ഫിനാലെ 2025 ഓഗസ്റ്റ് 23-ന് BKS ഡയമണ്ട് ജൂബിലി ഹാളിൽ അരങ്ങേറും.“ജയചന്ദ്രന്റെ കലാജീവിതത്തോട് അല്പമെങ്കിലും നീതി പുലർത്തണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഗാനമേളയ്ക്കൊപ്പം അവാർഡ് മത്സരവും സംഘടിപ്പിച്ചത്” എന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള അഭിപ്രായപ്പെട്ടു
“സാധാരണ അനുസ്മരണങ്ങളിൽ നിന്നും വ്യത്യസ്തമായി, സംഗീതാസ്വാദകരുടെ ഹൃദയത്തിലേക്കുള്ള ഒരു പ്രത്യേക യാത്രയാണ് ‘ശ്രാവണം 2025” എന്ന് ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ കൂട്ടിച്ചേർത്തു.“ജയചന്ദ്രന്റെ ഗാനങ്ങൾ മാത്രം ഉൾപ്പെടുത്തി നടത്തുന്ന മത്സരം സമാജത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ്. പ്രാഥമിക റൗണ്ടുകളുടെ വിജയത്തിന് പിന്നാലെ, ഫൈനലും ഗാനമേളയും വലിയൊരു ആഘോഷമാകും.”കലാവിഭാഗം സെക്രട്ടറി റിയാസ് ഇബ്രാഹിം അഭിപ്രായപ്പെട്ടു.“ഓണം മലയാളിയുടെ ഗൃഹാതുരതയുടെ ദിനമാണ്. അതുപോലെ ജയചന്ദ്രനും അദ്ദേഹത്തിന്റെ ഗാനങ്ങളും മലയാളിയുടെ ഹൃദയത്തിൽ എന്നും ഗൃഹാതുരമായിരിക്കും. അതിനാലാണ് തിരുവോണദിനത്തിൽ തന്നെ ഗാനമേള സമർപ്പിക്കുന്നത്.”ശ്രാവണം 2025 ജനറൽ കൺവീനർ വർഗീസ് ജോർജ് വ്യക്തമാക്കി.

