തൊടുപുഴ: സിപിഎം കെരിമണ്ണൂർ ഏരിയ കമ്മിറ്റി ഓഫിസ് നിർമാണത്തിലും വിവാദം. തൊടുപുഴ ഈസ്റ്റ് ഏരിയ കമ്മിറ്റി ഓഫിസ് നിർമാണത്തിലെ വിവാദത്തിനു പിന്നാലെയാണിത്. ഓഫിസ് നിർമാണത്തിനായി പിരിച്ച തുകയുടെ വിനിയോഗം സംബന്ധിച്ച് ആരോപണം ഉന്നയിച്ച ലോക്കൽ സെക്രട്ടറിയെ, ജില്ലാ സെക്രട്ടറി ഇടപെട്ടു മാറ്റി. സിപിഎം വണ്ണപ്പുറം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഷിജോ സെബാസ്റ്റ്യനെയാണു നീക്കിയത്.
ഇന്നലെ നടന്ന ലോക്കൽ കമ്മിറ്റി ജനറൽ ബോഡിയിൽ ജില്ലാ സെക്രട്ടറി സി.വി.വർഗീസ്, കരിമണ്ണൂർ ഏരിയ സെക്രട്ടറി പി.പി.സുമേഷ് എന്നിവർ പങ്കെടുത്തിരുന്നു. സുമേഷിനെതിരെയാണ് ഓഫിസ് നിർമാണത്തിലെ പാർട്ടി ഫണ്ട് വിനിയോഗത്തിൽ ഷിജോ ഉൾപ്പെടെയുള്ളവർ പരാതി ഉന്നയിച്ചത്. തുടർന്നു യോഗത്തിൽ ഏകപക്ഷീയമായി, ഏരിയ സെക്രട്ടറിയുടെ വിശ്വസ്തനായ അമ്പിളി രവികലയുടെ പേര് ലോക്കൽ സെക്രട്ടറി സ്ഥാനത്തേക്കു നിർദേശിച്ചു. ഇതോടെ ലോക്കൽ കമ്മിറ്റി അംഗങ്ങളിൽ 6 പേരും 3 ബ്രാഞ്ച് സെക്രട്ടറിമാരും ഇറങ്ങിപ്പോയി. പുതിയ സെക്രട്ടറിയായി അമ്പിളി രവികലയെ തിരഞ്ഞെടുക്കുകയും ചെയ്തു. പവർത്തകന്റെ വീട് പണയംവച്ചെടുത്ത വായ്പത്തുക തൊടുപുഴ ഈസ്റ്റ് ഏരിയ കമ്മിറ്റി ഓഫിസ് നിർമാണത്തിനായി ചെലവഴിച്ചശേഷം തിരിച്ചുകൊടുത്തില്ലെന്ന പരാതിയുടെ ചൂടാറും മുൻപേയാണു കരിമണ്ണൂർ സംഭവം.

