റാന്നി: വൃദ്ധയുടെ സംസ്കാര ചടങ്ങിനിടെ ഗ്യാസ് ക്രിമറ്റോറിയത്തിലെ പാചക വാതകത്തിൽ നിന്ന് തീ പടർന്ന് മൂന്നുപേർക്കു പൊള്ളലേറ്റു. പുതമൺ പുത്തൻപുരയ്ക്കൽ ജിജോ (39), തോട്ടമൺ മേപ്രത്ത് രാജേഷ് (37), സുഹൃത്ത് പ്രദീപ് എന്നിവർക്കാണു പൊള്ളലേറ്റത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
പഴവങ്ങാടി പഞ്ചായത്തിന്റെ ജണ്ടായിക്കൽ വാതക ശ്മശാനത്തിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണു സംഭവം. തോട്ടമൺ മേപ്രത്ത് പരേതനായ രാജന്റെ ഭാര്യാ മാതാവ് ജാനകിയമ്മയുടെ സംസ്കാരത്തിനിടെയാണ് അപകടമുണ്ടായത്. ജാനകിയമ്മയുടെ കൊച്ചുമക്കളാണ് പൊള്ളലേറ്റ ജിജോയും രാജേഷും. മൃതദേഹം ചൂളയിൽ വച്ച ശേഷം അഗ്നി പകരുന്നതിന് ജിജോ കർപ്പൂരം കത്തിച്ചു വയ്ക്കുന്നതിനിടെ തീ ആളിപ്പടരുകയായിരുന്നു.
ജിജോയ്ക്കാണ് സാരമായ പൊള്ളലേറ്റത്. വാതകം തുറന്നു വിട്ടിരുന്നത് ഇവർ അറിഞ്ഞിരുന്നില്ല. ശ്മശാനത്തിലെ ജോലിക്കായി പഞ്ചായത്ത് ഏൽപ്പിച്ചിരുന്നവർ അശ്രദ്ധയോടെ വാതകം തുറന്നു വിട്ടെന്ന് ബന്ധുക്കൾ ആരോപിച്ചു.

