പ്രവേശന ദിനങ്ങൾക്കായി ബഹ്റൈനിലെ സ്കൂളുകൾ ഒരുങ്ങി. രണ്ടുമാസം നീണ്ട വേനൽ അവധി കഴിഞ്ഞ് സെപ്റ്റംബർ 3നാണ് ഔദ്യോഗികമായി രാജ്യത്ത് സ്കൂളുകൾ തുറക്കുക. സർക്കാർ മേഖലയിലും സ്വകാര്യമേഖലയിലും ഉള്ള സ്കൂളുകൾ എല്ലാം തന്നെ സെപ്റ്റംബർ ആദ്യവാരം തുറന്നു പ്രവർത്തിക്കും.പുതിയ അധ്യയന വർഷത്തെക്കുറിച്ച് രക്ഷിതാക്കളെയും കുട്ടികളെയും അറിയിക്കുന്നതിനായി വിദ്യാഭ്യാസ മന്ത്രാലയം ചൊവ്വ, ബുധൻ ദിവസങ്ങളിൽ പൊതുവിദ്യാലയങ്ങളിൽ പ്രവേശന ദിനങ്ങൾ സംഘടിപ്പിക്കും. പൊതുവിദ്യാലയങ്ങളിൽ അക്കാദമിക് മികവ് വളർത്തിയെടുക്കുന്നതിന് ആവശ്യമായ നടപടികൾ ഉറപ്പാക്കുന്നതിനായി ബഹ്റൈൻ കിരീടവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, തിങ്കളാഴ്ചത്തെ മന്ത്രിസഭാ യോഗത്തിൽ വിദ്യാഭ്യാസ അധികാരികൾക്ക് നിർദ്ദേശം നൽകിയതിനെ തുടർന്നാണിത് . സെപ്റ്റംബർ മൂന്നിനാണ് ഔദ്യോഗികമായി രാജ്യത്ത് സ്കൂളുകൾ തുറക്കുക . വിദ്യാർഥികളെ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങളുമായി സർക്കാരും രംഗത്തുണ്ട്.എല്ലാ വിദ്യാലയങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ,അറ്റകുറ്റപ്പണികൾ,പുതിയ ബസ്സുകൾ തുടങ്ങിയ വിവിധ സജ്ജീകരണങ്ങളും പൂർത്തിയായി കഴിഞ്ഞു.പുതിയ അധ്യായന വർഷം മുതൽ രാജ്യത്തെ എല്ലാ പൊതു വിദ്യാലയങ്ങളിലും ഗുണമേന്മയുള്ളതും പോഷകാഹാരം മൂല്യമുള്ളതുമായ ഭക്ഷണം,മികച്ച സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് എത്തിക്കുമെന്നും വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചിട്ടുണ്ട്.

