തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് ഗൗരവമായ വിഷയമായി കേരളീയ സമൂഹവും മാധ്യമങ്ങളും ഏറ്റെടുത്തെന്നും ഇത്തരമൊരാൾ ആ സ്ഥാനത്ത് ഇരിക്കരുതെന്ന് പൊതു അഭിപ്രായം ഉയർന്നുവന്നുകഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.
പക്ഷേ, ആ നിലയല്ല ഇപ്പോൾ വന്നിടത്തോളം കാണുന്നത്. എത്രകാലം പിടിച്ചുനിൽക്കാൻ കഴിയുമെന്ന് അറിയില്ല. സമൂഹത്തിൽ വലിയ പ്രതികരണങ്ങളുണ്ടാക്കുന്ന സംഭവമായി അത് മാറി. ഒന്നിലധികം സംഭവങ്ങളേക്കുറിച്ച് റിപ്പോർട്ടുകൾ വന്നുകഴിഞ്ഞു. ഒരു സംഭാഷണത്തിന്റെ ഭാഗത്ത് ഗർഭം അലസിപ്പിച്ചില്ലെങ്കിൽ ആ യുവതിയെ കൊല്ലാൻ വലിയ സമയംവേണ്ടെന്ന് പറയുന്നിടത്തേക്ക് വരെ എത്തുന്ന അവസ്ഥ. എത്രമാത്രം ക്രിമിനൽ രീതിയാണ് വരുന്നത് എന്നാണ് കാണേണ്ടത്, മുഖ്യമന്ത്രി പറഞ്ഞു.
സമൂഹത്തിൽ പൊതുപ്രവർത്തകർക്ക് ഉണ്ടായിരുന്ന പൊതു അംഗീകാരമുണ്ട്. അതിന് അപവാദം വരുത്തിവെക്കുന്ന ചില കാര്യങ്ങൾ ചില ഘട്ടത്തിൽ സംഭവിച്ചിട്ടുണ്ട്. രാജ്യത്തായാലും സംസ്ഥാനത്തായാലും സംഭവിച്ചിട്ടുണ്ട്. എന്നാൽ, ഇത്രയും പോയ ഒരുകാര്യം നമ്മുടെ അനുഭവത്തിൽ ഇതേവരെ കേട്ടിട്ടില്ല, അതും ഒരു പൊതുപ്രവർത്തകൻ. അപ്പോൾ സാധാരണനിലയിൽ ശക്തമായ നിലപാട് എടുത്തുപോകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

