ന്യൂഡൽഹി: ഗാസയിലെ ഖാൻ യൂനിസിലെ നാസർ ആശുപത്രിക്കുനേരെ ഉണ്ടായ ഇസ്രയേലിന്റെ ഇരട്ട ആക്രമണത്തിൽ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ട സംഭവം മരണവാർത്ത ഞെട്ടിപ്പിക്കുന്നതും ഖേദകരവുമാണെന്ന് ഇന്ത്യ. വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ ആണ് ഈ കാര്യത്തിൽ നയം വ്യക്തമാക്കിയത്.
സാധാരണക്കാർ കൊല്ലപ്പെടുന്നതിനെ ഇന്ത്യ എല്ലായ്പ്പോഴും അപലപിച്ചിട്ടുണ്ടെന്നും മാധ്യമപ്രവർത്തകർ കൊലപ്പെട്ടതിൽ ഇസ്രയേൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് മനസിലാക്കാൻ കഴിഞ്ഞതെന്നും രൺധീർ പറഞ്ഞു. മറിയം ഡഗ്ഗ, മുഹമ്മദ് സലാമ, അഹമ്മദ് അബു അസീസ്, ഹുസ്സാം അൽ മസ്രി, മൊആസ് അബു താഹ എന്നിവരാണ് കഴിഞ്ഞദിവസം കൊല്ലപ്പെട്ട മാധ്യമപ്രവർത്തകർ. റോയിട്ടേഴ്സ്, എപി, അൽ ജസീറ, മിഡിൽഈസ്റ്റ് ഐ എന്നീ മാധ്യമസ്ഥാപനങ്ങൾക്ക് വേണ്ടി ജോലിചെയ്തിരുന്നവരാണ് ഇവർ.
സംഭവത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അന്വേഷണം പ്രഖ്യാപിച്ചു. ആശുപത്രിക്ക് നേരേയുണ്ടായ ആക്രമണത്തെ ദാരുണമായ അത്യാഹിതമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. സംഭവത്തിൽ സൈനിക ഉദ്യോഗസ്ഥർ സമഗ്രമായ അന്വേഷണം നടത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗാസയിലെ നാസർ ആശുപത്രിക്ക് സമീപം ഹമാസ് നിരീക്ഷണ ക്യാമറകൾ ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്നും അതിന് നേരെയായിരുന്നു ആക്രമണമെന്നുമാണ് ഇസ്രയേൽ പ്രാഥമികമായി നൽകുന്ന വിശേഷണം.

