യുവാവിനെ തട്ടിക്കൊണ്ടു പോയി മർദ്ദിച്ച സംഭവം; ലക്ഷ്മി മേനോന്റെ ഇടപെടലിൽ ദുരൂഹത

  • Home-FINAL
  • Kerala
  • യുവാവിനെ തട്ടിക്കൊണ്ടു പോയി മർദ്ദിച്ച സംഭവം; ലക്ഷ്മി മേനോന്റെ ഇടപെടലിൽ ദുരൂഹത

യുവാവിനെ തട്ടിക്കൊണ്ടു പോയി മർദ്ദിച്ച സംഭവം; ലക്ഷ്മി മേനോന്റെ ഇടപെടലിൽ ദുരൂഹത


കൊച്ചി: ഐടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച കേസിൽ നടി ലക്ഷ്മി മേനോന്റെ ഇടപെടലിൽ ദുരൂഹത തുടരുന്നു. നടിക്കൊപ്പം ഉണ്ടായിരുന്ന യുവാക്കളിൽ ക്വട്ടേഷൻ സംഘത്തിലെ അംഗമായ യുവാവും ഉണ്ടായിരുന്നു. വടക്കൻ പറവൂർ സ്വദേശി മിഥുൻ മോഹൻ (35) ആണ് ക്രിമിനൽ പശ്ചാത്തലമുള്ളയാൾ. ഇയാൾക്ക് സ്വർണം തട്ടിയെടുത്ത കേസിൽ ഉൾപ്പെടെ ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്.

മിഥുന് പുറമേ അനീഷ്, കോട്ടയം ചങ്ങനാശേരി സ്വദേശി സോന മോൾ (25) എന്നിവരേയും പൊലീസ് പിടികൂടിയിരുന്നു. അനീഷും ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണ്. അതേസമയം, കേസുമായി ബന്ധപ്പെട്ട് നടിയുടെ അറസ്റ്റ് കേരള ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. ബാറിൽ വച്ചുണ്ടായ തർക്കത്തെ തുടർന്നാണ് യുവാവിനെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ചത്. യുവാവിന്റെ പരാതിയിൽ കേസെടുത്ത് 3 പേരെ പിടികൂടിയപ്പോഴാണ് കൂടെയുണ്ടായിരുന്നത് നടി ലക്ഷ്മി മേനോനാണെന്ന് പൊലീസ് അറിയുന്നത്.

യുവാവിന്റെ പരാതിക്ക് പിന്നാലെ ലക്ഷ്മി മേനോൻ ഒളിവിൽ പോയിരുന്നു. മിഥുൻ മോഹൻ ക്വട്ടേഷൻ ടീമംഗവും ക്രിമിനൽ കേസ് പ്രതിയുമാണെന്ന് പൊലീസിനു മനസിലായത് അറസ്റ്റിന് ശേഷം ഇവരുടെ പശ്ചാത്തലം പരിശോധിച്ചപ്പോഴാണ്. 2023 നവംബറിൽ പൊലീസ് ചമഞ്ഞ് സ്വർണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി 244 ഗ്രാം സ്വർണം കവർന്ന സംഘത്തിൽ മിഥുനും ഉൾപ്പെട്ടിരുന്നു. ഈ സംഘവുമായി നടിയുടെ ബന്ധം എന്താണെന്നതിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്.

 

Leave A Comment