തിരുവനന്തപുരം: കേരളത്തിൽ സർവീസ് നടത്തുന്ന രണ്ടാമത്തെ വന്ദേഭാരത് ട്രെയിനിൽ കോച്ചുകളുടെ എണ്ണം കൂട്ടി. മലയാളികൾക്കുള്ള ഓണ സമ്മാനമെന്ന നിലയിലാണ് റെയിൽവേയുടെ നടപടി. 14 കോച്ചുകളായിരുന്നത് നാല് കോച്ചുകൾ കൂടി വർദ്ധിപ്പിച്ച് 18 ആക്കിയാണ് ഉയർത്തിയിരിക്കുന്നത്. ആലപ്പുഴ വഴി സർവീസ് നടത്തുന്ന തിരുവനന്തപുരം – മംഗളൂരു സെൻട്രൽ വന്ദേഭാരതിലാണ് കോച്ചുകളുടെ എണ്ണം വർദ്ധിപ്പിച്ചിരിക്കുന്നത്. ചൊവ്വാഴ്ച മുതലായിരിക്കും 18 കോച്ചുകളുള്ള പുതിയ ട്രെയിൻ സർവീസ് നടത്തുക.
രാവിലെ 6.25ന് മംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ വൈകുന്നേരം 3.05ന് ആണ് തിരുവനന്തപുരത്ത് എത്തുന്നത്. മടക്കയാത്രയിൽ വൈകുന്നേരം 4.05ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് രാത്രം 12.40ന് മംഗളൂരുവിൽ എത്തിച്ചേരും. കേരളത്തിൽ കൊല്ലം, ആലപ്പുഴ, എറണാകുളം ജംഗ്ഷൻ, തൃശൂർ, ഷൊർണൂർ ജംഗ്ഷൻ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് ട്രെയിൻ നിർത്തുക. 8.40 മണിക്കൂറുകളിലാണ് 619 കിലോമീറ്റർ ദൂരം ട്രെയിൻ പിന്നിടുന്നത്.
നേരത്തെ കേരളത്തിന് ആദ്യം അനുവദിച്ച തിരുവനന്തപുരം – കാസർകോട് വന്ദേഭാരതിനും ഏതാനും മാസങ്ങൾക്ക് മുമ്പ് കോച്ചുകളുടെ എണ്ണം വർദ്ധിപ്പിച്ചിരുന്നു. 16 കോച്ചുകളുമായി സർവീസ് ആരംഭിച്ച ഈ ട്രെയിൻ പിന്നീട് 20 കോച്ചുകളാക്കി ഉയർത്തിയിരുന്നു. ആദ്യം അനുവദിച്ച ട്രെയിൻ യാത്രക്കാർക്കിടയിൽ സൂപ്പർഹിറ്റ് ആയതോടെയാണ് രണ്ടാമത് ഒരു ട്രെയിൻ കൂടി കേരളത്തിന് റെയിൽവേ അനുവദിച്ചത്. നിലവിൽ സർവീസ് നടത്തുന്ന രണ്ട് ട്രെയിനുകളും ഒക്കുപ്പൻസി റേറ്റിൽ രാജ്യത്ത് തന്നെ ഒന്നാം സ്ഥാനത്താണ്.
കഴിഞ്ഞ വർഷം എറണാകുളം – ബംഗളൂരു വന്ദേഭാരത് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തിയിരുന്നു. എന്നാൽ ഇത് സ്ഥിരം സർവീസ് ആക്കി മാറ്റണമെന്ന കേരളത്തിന്റെ ആവശ്യം പക്ഷേ റെയിൽവേ അംഗീകരിച്ചിരുന്നില്ല.

