കൊച്ചി: മുല്ലപ്പൂവ് കൈവശം വച്ചതിന് ഒന്നേകാൽലക്ഷം രൂപ പിഴ ശിക്ഷ കിട്ടിയ വിവരം തുറന്നു പറഞ്ഞ് നടി നവ്യ നായർ. ഓസ്ട്രേലിയയിലെ മെൽബൺ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നാണ് താരത്തിന്റെ കയ്യിൽ നിന്ന് പിഴ ഈടാക്കിയത്. വിക്ടോറിയയിലെ മലയാളി അസോസിയേഷന്റെ ഓണപ്പരിപാടിയിൽ പങ്കെടുക്കാ നെത്തിയപ്പോഴാ ണ് സംഭവം. ഓണപ്പരിപാടിയിൽ സംസാരിക്കവെ നവ്യ അനുഭവം പങ്കുവച്ചു. 15 സെന്റിമീറ്റർ നീളമുള്ള മുല്ലപ്പൂവാണ് തന്റെ പക്കൽ ഉണ്ടായിരുന്നതെന്ന് നവ്യ പറഞ്ഞു. 1,980 ഡോളർ (ഒന്നേകാൽ ലക്ഷത്തോളം രൂപ) പിഴ അടയ്ക്കാൻ ആവശ്യപ്പെട്ടു. മുല്ലപ്പൂവ് കൊണ്ടുപോകാൻ പാടില്ല എന്ന നിയമം തനിക്ക് അറിയില്ലായിരുന്നു എന്നും നവ്യ വ്യക്തമാക്കി.
നവ്യയുടെ വാക്കുകൾ – ‘ഇങ്ങോട്ട് വരുന്നതിന് മുമ്പ് അച്ഛനാണ് എനിക്ക് മുല്ലപ്പൂവ് വാങ്ങിത്തന്നത്. രണ്ട് കഷ്ണങ്ങളാക്കി മുറിച്ചാണ് എനിക്ക് തന്നത്. കൊച്ചി മുതൽ സിങ്കപ്പൂർ വരെ ഒരു കഷ്ണം മുടിയിൽ ചൂടാൻ അച്ഛൻ പറഞ്ഞു. സിങ്കപ്പൂരെത്തുമ്പോഴേക്കും അത് വാടിപ്പോകും. സിങ്കപ്പൂരിൽ നിന്ന് രണ്ടാമത്തെ കഷ്ണം ചൂടാമെന്നും അത് ഹാൻഡ്ബാഗിൽ വെക്കാനും അച്ഛൻ പറഞ്ഞു. ഒരു ക്യാരിബാഗിലാക്കി ഞാൻ മുല്ലപ്പൂവ് എന്റെ ഹാൻഡ് ബാഗിൽ വച്ചു.
എന്നാൽ ഞാൻ ചെയ്തത് നിയമവിരുദ്ധമായ കാര്യമായിരുന്നു. അറിയാതെ ചെയ്ത തെറ്റ്. അറിവില്ലായ്മ ഒഴികഴിവല്ല എന്ന് എനിക്കറിയാം. 15 സെന്റിമീറ്റർ മുല്ലപ്പൂ കൊണ്ടുവന്നതിന് അധികൃതർ എന്നോട് 1,980 ഡോളർ (ഒന്നേകാൽ ലക്ഷത്തോളം രൂപ) പിഴ അടയ്ക്കാൻ ആവശ്യപ്പെട്ടു. തെറ്റ് തെറ്റ് തന്നെയാണ് എന്ന് എനിക്കറിയാം. പക്ഷേ അത് മനഃപൂർവമായിരുന്നില്ല. 28 ദിവസത്തിനകം പിഴ അടയ്ക്കണമെന്നാണ് അവർ എന്നോട് പറഞ്ഞത്.’ -നവ്യ നായർ പറഞ്ഞു.

